കോൺഗ്രസ്​ നേതാവി​െൻറ കൊലപാതകം: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിക്ക്​ വധശിക്ഷ

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിനെ വീട്ടിൽ കയറി ആക്രമിച്ച്​ കൊലപ്പെടുത്തിയ കേസിൽ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. സി.പി.എം പ്രവര്‍ത്തകരായ മറ്റ് അഞ്ച് പ്രതികളെ ജീവപര്യന്തം കഠിനതടവിനും ശിക്ഷിച്ചു. എല്ലാ പ്രതികളും ഒാരോ ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ ഭാര്യക്ക്​ നൽകണമെന്നും ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി ജഡ്​ജി കെ. അനില്‍കുമാർ ഉത്തരവിട്ടു. 

ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡില്‍ കുറ്റിക്കാട് കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരൻ​ (56) കൊല്ലപ്പെട്ട കേസിലാണ്​ വിധി. സി.പി.എം ചേര്‍ത്തല വെസ്​റ്റ്​ മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആര്‍. ബൈജുവിനെയാണ്​ (45) കോടതി വധശിക്ഷക്ക്​ വിധിച്ചത്. ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് ചേപ്പിലപൊഴി വി. സുജിത് (മഞ്ജു- 38), കോനാട്ട് എസ്. സതീഷ് കുമാര്‍ (കണ്ണന്‍ -38), ചേപ്പിലപൊഴി പി. പ്രവീണ്‍ (32), 31ാം വാര്‍ഡ് വാവള്ളി എം. ബെന്നി (45), 32ാം വാര്‍ഡ് ചൂളക്കല്‍ എന്‍. സേതുകുമാര്‍ (45) എന്നിവ​െരയാണ് ജീവപര്യന്തം കഠിനതടവിന്​ ശിക്ഷിച്ചത്​.

2009 നവംബര്‍ 29നാണ്​ കോൺഗ്രസ്​ വാർഡ്​ പ്രസിഡൻറും കയർ തൊഴിലാളിയുമായിരുന്ന ദിവാകരൻ ആക്രമിക്കപ്പെട്ടത്​. പരിക്കേറ്റ ദിവാകരന്‍ 10ാം ദിവസം മരിച്ചു. കയര്‍ വകുപ്പി​​​െൻറ ‘വീട്ടിലൊരു കയറുൽപന്നം’ പദ്ധതിയുടെ ഭാഗമായി കയർ തടുക്ക് വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തടുക്ക്​ വിൽപനക്ക് എത്തിയ ബൈജുവും സംഘവും ദിവാകരനും മകന്‍ ദിലീപുമായി തര്‍ക്കമുണ്ടായി. തടുക്കിന്​ വില കൂടുതലാണെന്ന കാരണത്താല്‍ ദിവാകരന്‍ തടുക്ക്​ വാങ്ങാൻ തയാറായില്ല. എന്നാല്‍, സംഘം തടുക്ക് നിര്‍ബന്ധമായി വീട്ടില്‍ വെക്കുകയായിരുന്നു. ആവശ്യമില്ലെങ്കില്‍ വാങ്ങിച്ച്​ കത്തിച്ചുകളയാനും പ്രതികള്‍ പറഞ്ഞു.

അതേദിവസം ഉച്ചക്ക്​ നടന്ന ഗ്രാമസഭയില്‍ ദിവാകര​​​െൻറ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചു. ഇതി​​​െൻറ വൈരാഗ്യത്തില്‍ രാത്രി വീട്​ ആക്രമിക്കുകയായിരുന്നു. തടികൊണ്ട് തലക്ക്​ അടിയേറ്റാണ് ദിവാകരന്​ പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച മകന്‍ ദിലീപിനും ഭാര്യ രശ്മിക്കും പരിക്കേറ്റിരുന്നു. ഡിസംബര്‍ ഒമ്പതിനാണ്​ ദിവാകരന്‍ മരിച്ചത്​. സി.പി.എം പ്രാദേശിക നേതാവായ ബൈജുവിനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. പിന്നീട് പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന്​ ആറാം പ്രതിയാക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചത്.

വ്യാജ വിസ കേസില്‍ നേര​േത്ത അറസ്​റ്റിലായിട്ടുള്ള ബൈജു വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ആറാം പ്രതിയായ ബൈജുവിനെ ആദ്യം ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട്​ പാര്‍ട്ടിയില്‍നിന്നും എട്ടുവര്‍ഷം മുമ്പ് സി.പി.എം പുറത്താക്കിയിരുന്നു. തെന്നിന്ത്യന്‍ യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയാണ്. സുജിത്​ ഗുണ്ട ആക്​ട്​ പ്രകാരം റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ്​.

രാഷ്​ട്രീയ കൊലപാതകക്കേസിലെ അപൂർവ വിധി; ബൈജു സമൂഹത്തിന്​ വിപത്ത്​
ചേർത്തലയിലെ കോൺഗ്രസ് പ്രാദേശിക നേതാവും കയർ തൊഴിലാളിയുമായിരുന്ന കെ.എസ്​. ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി ബൈജു സമൂഹത്തിന്​ വിപത്താണെന്ന്​ കോടതി. പ്രോസിക്യൂഷൻ വാദം കണക്കിലെടുക്കു​േമ്പാൾ നിഷ്ഠുര കൊലപാതകമാണ് ഇയാൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യത്തിൽ കേസ്​ അന്വേഷിച്ച സി.​െഎയുടെ നിലപാട്​ സേനക്ക്​ അപമാനമാണ്​. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്​​. ഇതിനാലാണ്​​ മുഖ്യകണ്ണിയായി പ്രവർത്തിച്ച പ്രതിക്ക്​ വധശിക്ഷ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ഉണ്ടായത്​ രാഷ്​ട്രീയ കൊലപാതക കേസിലെ അപൂർവ വിധിയാണ്​. കേസിലെ പ്രതികളായ സി.പി.എമ്മുകാരിൽ ആറിൽ അഞ്ചുപേർക്കും ജീവപര്യന്തം കഠിനതടവ്​ നൽകിയപ്പോൾ പാർട്ടി മുൻ ലോക്കൽ സെക്രട്ടറിയായ ചേര്‍ത്തല നഗരസഭ 32-ാം വാര്‍ഡ് കാക്കപറമ്പത്ത് വെളി ആ​ർ. ബൈജുവിനാണ്​ വധശിക്ഷ വിധിച്ചത്​. രാഷ്​ട്രീയമാനം ആരോപിക്കപ്പെട്ട കേസി​​​െൻറ തുടക്കം അതുകൊണ്ടുതന്നെ മെല്ലെപ്പോക്കിലായിരുന്നു. ഇതിനെതിരെ കോൺഗ്രസ്​ പരസ്യ പ്രതിഷേധവും നടത്തിയിരുന്നു.

ചേർത്തലയിലും ആലപ്പുഴയിലും രാഷ്​ട്രീയ കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച ​കൊലപാതകമായിരുന്നു ദിവാകര​േൻറത്​. അഞ്ചാം പ്രതിയും സി.പി.എം നേതാവി​​​െൻറ മകനുമായ എൻ. സേതുകുമാറി​​​െൻറ വസതിയിൽ രാത്രി ഏഴോടെ ഗൂഢാലോചന നടത്ത​ിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ബൈജുവായിരുന്നു സൂത്രധാരൻ. പിന്നീടായിരുന്നു ആക്രമണം. കേസി​​​െൻറ വിചാരണ 2017 ഡിസംബർ ആറിനാണ് ആരംഭിച്ചത്. 22 സാക്ഷികളെ വിസ്തരിച്ചു. ചേർത്തല പൊലീസ്​ രജിസ്​റ്റർ ചെയ്​ത ​േകസിൽ രാഷ്​ട്രീയ സ്വാധീനം അന്വേഷണത്തെ തണുപ്പിച്ചു. വൈകിയാണ്​ വിചാരണ തുടങ്ങിയത്​. തുടക്കത്തിൽ പ്രതിപ്പട്ടികയിൽ ബൈജുവിനെ ചേർത്തിരുന്നില്ല. പ്രതികൾക്ക്​ അപ്പീൽ നൽകാൻ കോടതി 30 ദിവസം സമയം നൽകിയിട്ടുണ്ട്​.



 

Tags:    
News Summary - Congress Leaders Murder: CPM Leader gets Capital Punishment - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.