രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലിനു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ‘സ്വയം’ രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാനുള്ള ആവശ്യത്തിൽ കോൺഗ്രസ് ആടിയുലയുന്നു. ഗർഭഛിദ്രമടക്കം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മും ബി.ജെ.പിയും മുറവിളി ശക്തമാക്കിയെങ്കിലും സമാന ആവശ്യത്തിൽ സ്വന്തം പാളയത്തിലെ പടയാണ് പാർട്ടിയെ വിഷമവൃത്തത്തിലാക്കുന്നത്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ മുൻനിർത്തി ശാന്തമായ പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളടക്കം ചേരിതിരിഞ്ഞ് അഭിപ്രായ പ്രകടനത്തിന് മുതിരുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഹുൽ വിഷയത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ശനിയാഴ്ച രാവിലെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വൈകീട്ടോടെ രാജിക്കായി പാർട്ടിയിൽ സമ്മർദം മുറുക്കി. രാഹുലിനെയുമായി മുന്നോട്ടുപോകാനാവില്ലെന്ന നിലപാട് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കളുമായി പങ്കുവെച്ചു.
തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ മാത്രം ഒതുങ്ങുന്ന ‘രാഹുൽ പ്രശ്നം’ രാജിവെപ്പിക്കാതെ നീട്ടിക്കൊണ്ടുപോയാൽ മറ്റു മണ്ഡലങ്ങളിലും ഭീഷണിയാകുമെന്നും രാജി അനിവാര്യമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. തെരഞ്ഞെടുപ്പും പുറത്തുവന്ന തെളിവുകളും മുൻനിർത്തി ആരോപണ വിധേയനെ കേട്ട ശേഷം ശക്തമായ നടപടിയുണ്ടാകുമെന്ന തന്റെ പ്രഖ്യാപനത്തെ പരസ്യമായി തള്ളി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ രാഹുലിന് പ്രതിരോധ കവചമൊരുക്കിയതിലും സതീശൻ അമർഷത്തിലാണ്. എം.എൽ.എ സ്ഥാനം രാജിവെച്ചാൽ ഒരുകാലത്തും രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് മനസ്സിലാക്കിയ രാഹുലാകട്ടെ ഷാഫിയുടെ പരസ്യ പിന്തുണയോടെ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലും.
സമാന പരാതികളിൽ സി.പി.എമ്മിലെയും കോൺഗ്രസിലെയും നേതാക്കൾ എം.എൽ.എ സ്ഥാനം രാജിവെക്കാത്തത് ചൂണ്ടിക്കാട്ടാനൊരുങ്ങിയ രാഹുലിന്റെ വാർത്തസമ്മേളനം അവസാന നിമിഷം നേതൃത്വം വിലക്കുകയായിരുന്നു. സമാന ആരോപണത്തിൽ നിയമ നടപടി നേരിട്ട സി.പി.എം എം.എൽ.എ എം. മുകേഷ്, കോൺഗ്രസ് എം.എൽ.എമാരായ എം. വിൻസന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കടക്കം ലഭിച്ച ഇളവ് തനിക്കും വേണമെന്നും ആരോപണം കേസായാൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളെ അറിയിക്കാനായിരുന്നു രാഹുലിന്റെ നീക്കമെന്നാണ് സൂചന. ഇരട്ട നീതി ചർച്ചയാക്കുന്നത് പാർട്ടിയെ വീണ്ടും വെട്ടിലാക്കുമെന്നതിനാലാണ് മാധ്യമങ്ങളെ കാണുന്നത് തടഞ്ഞത്. രാഹുൽ രാജിയോടെ പുതിയ അധ്യക്ഷനെ ചൊല്ലി യൂത്ത് കോൺഗ്രസിലും ചേരിപ്പോര് രൂക്ഷമാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനു പിന്നാലെ അധ്യക്ഷനാവാൻ യൂത്ത് കോൺഗ്രസിൽ പോരും സമ്മർദ തന്ത്രവും. നിലവിലെ ഭാരവാഹികളെ തഴഞ്ഞ് പുറത്തുള്ളവരെ അധ്യക്ഷനാക്കാനുള്ള നീക്കം കോൺഗ്രസ് നേതാക്കളിൽ ചിലർ നടത്തിയതോടെയാണ് ചേരിതിരിഞ്ഞുള്ള പോര് മുറുകിയത്. സംഘടന തെരഞ്ഞെടുപ്പിൽ അധ്യക്ഷനായ രാഹുലിന് പിന്നാലെ രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ വൈസ് പ്രസിഡന്റ് അബിൻ വർക്കി അടക്കമുള്ളവർ, പുറത്തുനിന്ന് അധ്യക്ഷനെ കെട്ടിയിറക്കാൻ നീക്കമുണ്ടായാൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി. അബിന്റെ നിലപാടിനൊപ്പം സംസ്ഥാന കമ്മിറ്റിയിലെ 40 പേർ ഒപ്പമുണ്ടെന്നാണ് വിവരം.
പ്രസിഡന്റ് രാജിവെച്ചാൽ വൈസ് പ്രസിഡന്റിനെ പ്രസിഡന്റാക്കണമെന്ന് ഭരണഘടനയിലില്ലെങ്കിലും പൊതുവിൽ ചുമതല ഒഴിയുമ്പോഴെല്ലാം ആ കീഴ്വഴക്കമാണ് തുടരാറെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അബിൻ വർക്കിക്കായി ചില ജില്ല പ്രസിഡന്റുമാർ അടക്കമുള്ള ഭാരവാഹികൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുമുണ്ട്.
അതേസമയം, പുതിയ സാഹചര്യത്തിൽ വനിത അധ്യക്ഷ വരട്ടെ എന്നത് ചൂണ്ടിക്കാട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള സംഘടന തെരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ അരിത ബാബുവിന്റെ പേരും ചിലർ ഉയർത്തുന്നു. ദേശീയ പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിയായ ബിനു ചുള്ളിയില്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞിട്ടും യൂത്ത് കോൺഗ്രസിൽ കാര്യമായ പദവി ലഭിക്കാത്ത കെ.എം. അഭിജിത്ത് അടക്കമുള്ളവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. സാമുദായിക നിലകൾ കൂടി പരിഗണിച്ചാവും അധ്യക്ഷനെ നിശ്ചയിക്കുക എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.