തിരുവനന്തപുരം: കേരളത്തിൽ പാർട്ടി പുനഃസംഘടനാ ചർച്ചകൾക്ക് വേഗം കൂട്ടി കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരള നേതാക്കളുമായി നടത്തുന്ന ചർച്ച ദിവസങ്ങൾക്കകം പൂർത്തിയാക്കി നേതൃമാറ്റം സംബന്ധിച്ച നിർദേശങ്ങൾ ഹൈകമാന്‍ഡിന് മുന്നിൽ വെക്കും.
മുതിർന്ന നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഹൈകമാൻഡ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റിന്റെ മാറ്റത്തിൽ ഏറക്കുറെ ധാരണയായെന്നാണ് വിവരം. എന്നാൽ, കെ.സുധാകരനുപകരം ആരെന്ന ചോദ്യത്തിന് കേരള നേതാക്കൾക്കിടയിൽ സമയവായമില്ല. അതും ദീപാദാസ് മുൻഷി ഹൈകമാൻഡിനെ അറിയിക്കും. നേതൃമാറ്റം നിർദേശിച്ച് ദീപാദാസ് മുൻഷി റിപ്പോർട്ട് നൽകിയാലും ഹൈകമാൻഡിന് തീരുമാനം എളുപ്പമാകില്ല. അതേസമയം, അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ച വേണ്ടെന്ന് ഹൈകമാൻഡ് മുതിർന്ന നേതാക്കളെയടക്കം അറിയിച്ചിട്ടുണ്ട്.
നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ ദീപാദാസ് മുൻഷി രണ്ടു പ്രധാന ചോദ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. കെ.സുധാകരൻ പ്രസിഡന്റ് സ്ഥാനത്തു തുടർന്ന് തെരഞ്ഞെടുപ്പിലേക്ക് പോകാൻ സാധിക്കുമോ, വി.ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനം എത്ര മികച്ചതാണ് എന്നിവയാണവ. രാഷ്ട്രീയകാര്യ സമിതിയിൽ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ദീപാദാസ് മുൻഷി പ്രധാന നേതാക്കളെ വെവ്വേറെ കണ്ട് അഭിപ്രായം തേടിയത്.
ചർച്ച നടത്തിയ നേതാക്കളിൽ ഭൂരിഭാഗവും പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഏകോപനമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന പരാതി ആവർത്തിച്ചതായാണ് വിവരം. കെ.പി.സി.സിയിൽ നേതൃമാറ്റമെന്ന ആശയത്തെ പിന്തുണച്ചവരും ഏറെയുണ്ട്. സാമുദായിക സന്തുലന വാദം ഉയർത്തിയ ചിലർ നേതൃമാറ്റമെങ്കിൽ പ്രതിപക്ഷ നേതാവും മാറണമെന്ന വാദവും മുന്നോട്ടുവെച്ചുവെന്നാണ് സൂചന. നേതൃത്വത്തിലെ ഭിന്നതയും ദൗർബല്യവും വ്യക്തമാണെന്നും ഈ നിലയിൽ മുന്നോട്ടുപോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ പേടിസ്വപ്നമായി മാറുമെന്നുമുള്ള അഭിപ്രായം ദീപാദാസ് മുൻഷി മുതിർന്ന നേതാക്കൾക്ക് മുന്നിൽ പറഞ്ഞതായാണ് അറിയുന്നത്.
തലപ്പത്തെ തമ്മിലടിയിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തിലുമുള്ള അതൃപ്തി അവർ രാഷ്ട്രീയ കാര്യ സമിതിയിൽ തന്നെ തുറന്നുപറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മാറട്ടെയെന്ന നിലയിലേക്കാണ് ഇപ്പോൾ ചർച്ച കേന്ദ്രീകരിക്കുന്നത്. നേതൃമാറ്റ ചർച്ചയിൽ സുധാകരൻ അതൃപ്തനാണ്. പദവി തനിക്ക് ആനക്കാര്യമല്ലെന്ന് തുറന്നടിച്ച് അദ്ദേഹം അക്കാര്യം പരസ്യമാക്കിയിട്ടുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പദ്ധതിയിൽ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ് വി.ഡി. സതീശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.