പത്തനംതിട്ട: സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറിയതിൽ കോൺഗ്രസിന് പങ്കില്ലെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി.
ഐക്യനീക്കം തകർന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ എൻ.എസ്.എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആരും എന്‍.എസ്.എസ് നേതൃത്വത്തെ അങ്ങോട്ട് പോയി കണ്ടിട്ടില്ല. കേരളത്തിന്റെ മനസാക്ഷി എന്താണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിവുള്ളവയാണ് സമുദായിക സംഘടനകള്‍.
എന്‍എസ്എസിനെയും എസ്.എൻ.ഡി.പിയും കോണ്‍ഗ്രസുമായി യോജിപ്പിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹ പറഞ്ഞു. ശശി തരൂർ സി.പി.എമ്മിലേക്ക് പോകുന്നു എന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. തരൂർ എ.ഐ.സി.സി വർക്കിങ് പ്രസിഡന്റായി പാർട്ടിയിൽ സജീവമാണ്. തരൂരിന് പറയാനുള്ളത് മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം തന്നെ പറയുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സി പി എം ആവശ്യം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. ആരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളിലെത്തിക്കുന്നതിൽ യു ഡി എഫ് വിജയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.