ജോസ് നെല്ലേടത്ത്, എൻ.എം. വിജയൻ, ജിജേഷ്
കൽപറ്റ: നേതാക്കളുടെ ജീവനെടുത്ത് വീണ്ടും വയനാട് കോൺഗ്രസിലെ ചേരിപ്പോര്. രണ്ടു നേതാക്കളടക്കം മൂന്നുപേരാണ് അടുത്തിടെ ഗ്രൂപ്പുപോരുകൾക്കൊടുവിൽ ആത്മഹത്യചെയ്തത്. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടത്തെയാണ് ഇന്നലെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബർ 24നാണ് നേതാക്കളുടെ പേരുകളടക്കം എഴുതിവെച്ച് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയ നേതാക്കൾ, തന്നെ ഇടനിലക്കാരനാക്കി സഹകരണബാങ്ക് നിയമനത്തിന് ലക്ഷങ്ങൾ വാങ്ങിയെന്നും നിയമനം നൽകാൻ കഴിയാതിരുന്നതിനാൽ താൻ കടക്കാരനായി എന്നുമായിരുന്നു വിജയന്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എം.എല്‍.എയെ ഒന്നാംപ്രതിയും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസിനെ ഏറെ ഉലച്ച ഈ സംഭവത്തെത്തുടർന്ന് കെ.പി.സി.സി അന്വേഷണ സിമിതി വിജയന്റെ വീട് സന്ദർശിച്ചിരുന്നു. കടബാധ്യതയെല്ലാം പാർട്ടി തീർക്കുമെന്ന് ഉറപ്പും നൽകി. എന്നാൽ, വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും വെള്ളയിട്ടു നടക്കുന്ന ചതിയന്മാരാണ് കോൺഗ്രസുകാരെന്നും വിജയന്റെ മരുമകൾ പത്മജ ആരോപിച്ചു.
ജില്ലയിലെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ ഗ്രൂപ് പോരിനെ തുടർന്നാണ് ജോസ് നെല്ലേടം വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. പുൽപള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളാണ് ജോസ്. വീടിന്റെ കാർപോർച്ചിൽ മദ്യവും സ്ഫോടക വസ്തുവായ തോട്ടകളും കണ്ടെത്തിയതിനെ തുടർന്നാണ് വീട്ടുടമസ്ഥനായ തങ്കച്ചനെ പൊലീസ് അറസ്റ്റ്ചെയ്തത്. 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് കഴിഞ്ഞ ദിവസം മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.