തൃശ്ശൂർ: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ വ്യാജ വോട്ടിലും ക്രമക്കേടിലും ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കമുള്ളവർക്കെതിരെ പരാതി നൽകി കോൺഗ്രസ്. ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എം.പി ടി.എൻ. പ്രതാപൻ, മുൻ എം.എൽ.എ അനിൽ അക്കര എന്നിവർ നേരിട്ടെത്തിയാണ് തൃശ്ശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
വ്യാജ വോട്ടിൽ കേസ് രജിസ്റ്റർ ചെയ്ത് ഗൂഢാലോചന അന്വേഷിക്കണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു. മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലേക്ക് കൂട്ടത്തോടെ മാറ്റിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി തൃശ്ശൂരിലെ 115-ാം നമ്പർ ബൂത്തിൽ സുരേഷ് ഗോപി വോട്ട് ചേർത്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പുതിയതായി വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസക്കാരെന്ന രേഖയും സത്യപ്രസ്താവനയും നൽകണം. തിരുവനന്തപുരം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരായ സുരേഷ് ഗോപി തൃശ്ശൂരിൽ നൽകിയ സത്യപ്രസ്താവനയും രേഖയും സത്യമല്ലെന്ന് കോൺഗ്രസ് പറയുന്നു.
സുരേഷ് ഗോപി അസത്യ പ്രസ്താവനയാണ് നടത്തിയത്. സുരേഷ് ഗോപിയും സഹോദൻ സുഭാഷ് ഗോപിയും അടക്കം 11 പേരുടെ വോട്ടുകൾ ഒറ്റ വിലാസത്തിൽ ചേർത്തു. സുഹൃത്തായ സുജിത്തിന്‍റെ വീട്ടിലാണ് സുരേഷ് ഗോപി വാടകക്ക് താമസിച്ചിരുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നപ്പോൾ സുരേഷ് ഗോപി മണ്ണുത്തി നെട്ടിശ്ശേരിയിലാണ്. അവിടെയാണ് 11 വോട്ടുകൾ ചേർത്തിട്ടുള്ളത്.
അതേസമയം, തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലെ 22/1788 വീട്ടുനമ്പരിൽ സ്ഥിരതാമസക്കാരാണ്. കേന്ദ്ര മന്ത്രിയായ ശേഷവും തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ തുടരുന്നുണ്ട്.
കൊല്ലം ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബുത്തിൽ കുടുംബ വീടിന്‍റെ വിലാസത്തിലാണ് സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. 1114, 1116 എന്നീ ക്രമനമ്പറുകളിലാണ് റാണിക്കും സുഭാഷിനും വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇരവിപുരത്ത് വോട്ടർപട്ടികയിൽ പേരുള്ളപ്പോൾ തന്നെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലും വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ പ്രകാരം രണ്ടിടത്ത് വോട്ട് ചേർക്കാൻ പാടില്ല. ഒരിടത്ത് മാത്രമേ വോട്ടുള്ളൂവെന്ന് സത്യവാങ്മൂലം നൽകാറുണ്ട്. ഈ നിബന്ധന മറികടന്നാണ് സുഭാഷിനും റാണിക്കും തൃശ്ശൂരിൽ പുതിയതായി വോട്ട് ചേർത്തത്. സുഭാഷ് ഗോപി തൃശ്ശൂരിൽ കൂടാതെ കൊല്ലത്തും വോട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.