കോതയാറിൽ മാസങ്ങളോളം ഭീതി പരത്തി 300 കിലോയുടെ ഭീമൻ മുതല; ഒടുവിൽ വനംവകുപ്പിന്റെ വലയിൽ

തിരുവനന്തപുരം: കോതയാർ പ്രദേശവാസികളുടെ മാസങ്ങളായുള്ള ആശങ്കയ്ക്ക് വിരാമമിട്ട് ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. ഏകദേശം 300 കിലോയോളം ഭാരമുള്ള കൂറ്റൻ മുതലയെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണ് സാഹസികമായി പിടികൂടിയത്. ഏഴ് മാസം മുമ്പാണ് ഇവിടെ മുതലയുടെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് തന്നെ നാട്ടുകാർ ദൃശ്യങ്ങൾ സഹിതം വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു.

തുടർന്ന് തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത നടപടികൾ ആരംഭിക്കുകയും ചെന്നൈയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘം സ്ഥലത്തെത്തുകയും ചെയ്തു. മുതലയുടെ സാന്നിധ്യമുള്ള ഭാഗങ്ങളിൽ കോഴിയെയും ആടിനെയും ഇരയായി വെച്ച് കെണികൾ ഒരുക്കിയെങ്കിലും ആദ്യഘട്ടത്തിൽ ഫലം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനകളിൽ മുതലയുടെ സഞ്ചാരപഥങ്ങൾ കൃത്യമായി കണ്ടെത്തി പ്രത്യേക വലകൾ സ്ഥാപിക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ തൃപ്പരപ്പിന് സമീപം ആറിന്റെ തീരത്ത് സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കൂടുതൽ വലകൾ ഉപയോഗിച്ച് ഇതിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. കൂറ്റൻ മുതല പിടിയിലായതറിഞ്ഞ് വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. നിലവിൽ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയ മുതലയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഉന്നതതല യോഗത്തിന് ശേഷം തീരുമാനമെടുക്കും.

അതിനിടയിൽ, വർഷങ്ങൾക്ക് മുമ്പ് ഇതേ പ്രദേശത്ത് മുതലക്കുഞ്ഞിനെ കണ്ടതായി ദൃശ്യങ്ങൾ സഹിതം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ അത് വ്യാജമെന്ന് പറഞ്ഞ് അവഗണിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Tags:    
News Summary - 300kg Giant Crocodile Trapped by Forest Department After Months of Fear in Kothayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.