ആശുപത്രികളിലെ അപ്പോയിന്‍റ്മെന്‍റുകൾ ഓൺലൈനായി തിരയുന്നവരാണോ? നിങ്ങളെ കാത്ത് സൈബർ കെണികളുണ്ടാകാം, എ.പി.കെ ഫയലുകൾ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നതായി പൊലീസ്

പ്രമുഖ ആശുപത്രികളിലെ ഒ.പി. അപ്പോയിന്റ്മെന്റുകളും കോൺടാക്റ്റ് നമ്പറുകളും ഓൺലൈനായി തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പുകൾ വ്യാപകമായിരിക്കുകയാണ്. ഇത്തരം സൈബർ ക്രൈമുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്. വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് അധവാ എ.പി.കെ ഫയലുകൾ ഉപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ അറിയാതെ ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ആശുപത്രി ജീവനക്കാരായി ചമഞ്ഞ് ഇവർ വാട്സാപ്പ് വഴി ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ് ബുക്കിംഗ് അല്ലെങ്കിൽ സമാനമായ പേരുകളിൽ എപികെ ഫയലുകൾ അയച്ചുകൊടുക്കുകയും അവ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകുന്നു. തുടർന്ന് രഹസ്യ വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ സംബന്ധമായ വിവരങ്ങൾ എന്നിവ ചോർത്തി അനധികൃത പണമിടപാടുകൾ നടത്താൻ ഇവർക്ക് സാധിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ഉപയോക്താക്കളുടെ അറിവില്ലാതെ മറ്റ് പണമിടപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും ഇത് കാരണമാകാം. പ്രത്യേകിച്ച് യു.പി.ഐ ലൈറ്റ് സൗകര്യം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. നിശ്ചിത പരിധിക്കുള്ളിലുള്ള ചെറിയ തുകകളിലെ ഇടപാടുകൾക്ക് പ്രത്യേക ഒ.ടി.പി ആവശ്യമില്ലാത്തതിനാൽ, 1000 രൂപയിൽ താഴെയുള്ള അനധികൃത ഇടപാടുകൾ ചെറിയ തുകയാണെന്നുകരുതി അവഗണിക്കരുത്.

ജാഗ്രതാ നിർദേശങ്ങൾ;

  • ഗൂഗിളിൽ നിന്ന് ലഭിക്കുന്ന ആശുപത്രി നമ്പറുകൾ, സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുക.
  • അപ്പോയിന്റ്മെന്റുകൾ, കെ.വൈ.സി, റീഫണ്ടുകൾ എന്നിവക്കായി വാട്സാപ്പിൽ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഒരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
  • ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.
  • പരിചയമില്ലാത്ത ആപ്പുകൾക്ക് എസ്‌.എം.എസ്, നോട്ടിഫിക്കേഷനുകൾ, കോൺടാക്റ്റുകൾ, ഫോൺ ഫങ്ഷനുകൾ എന്നിവയിലേക്ക് ആവശ്യമില്ലാത്ത അനുമതികൾനൽകാതിരിക്കുക

ആരെങ്കിലും അബദ്ധത്തിൽ എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ തന്നെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കുക. തുടർന്ന് അക്കൗണ്ട് സുരക്ഷിതമാക്കാൻ ബാങ്കുമായോ യു.പി.ഐ സേവന ദാതാവുമായോ ബന്ധപ്പെടുക

സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ അല്ലെങ്കിൽ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ വിവരം റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

Tags:    
News Summary - kerala police warns about apk file scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.