വെള്ളിയാഴ്ചവരെ മഴക്ക് സാധ്യത; വൈദ്യുതി നിയന്ത്രണം തുടരുന്നു
തിരുവനന്തപുരം: മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലെ ശക്തികൂടിയ ന്യൂനമർദം 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ 25 വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കാം. 22ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, പുറത്തുനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. അവധിയാതിനാലും പലയിടങ്ങളിലും മഴ പെയ്യുന്നതിനാലും ആവശ്യകത കുറഞ്ഞിട്ടുണ്ട്. എങ്കിലും ഏകദേശം 400 മുതൽ 500 വരെ മെഗാവാട്ടിന്റെ കുറവുണ്ടായതിനാൽ ഭാഗിക നിയന്ത്രണം വേണ്ടിവന്നതായാണ് കെ.എസ്.ഇ.ബി വിശദീകരണം. ഗ്രാമീണ മേഖലയിൽ 50 മിനിറ്റ് വരെ നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പുണ്ട്.
തൽസമയ വിപണിയിൽ വൈദ്യുതി ലഭ്യമാകാത്തതിനാലാണ് നിയന്ത്രണം പൂർണമായും ഒഴിവാക്കാനാകാത്തത്. ദീർഘകാല കരാറിലൂടെ ലഭിക്കേണ്ടിയിരുന്ന 380 മെഗാവാട്ടും മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം 200 മെഗാവാട്ടും തിങ്കളാഴ്ച ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.