കോൺ​ഗ്രസിൽ നിന്ന് ആളുകൾ പോകുന്നു, പാർട്ടി വലിയ വെല്ലുവിളിയിൽ -രമേശ് ചെന്നിത്തല

കോഴിക്കോട്: രാജ്യത്തെ കോൺ​ഗ്രസ് വലിയ വെല്ലുവിളിയിലാണെന്നു കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് നടക്കുന്ന കെ.പി.സി.സി ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. 

കോൺ​ഗ്രസിൽ നിന്ന് ആളുകൾ പോകുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. അതിനാണ് ആദ്യം തടയിടേണ്ടത്. ഒരു പ്രവർത്തകനെപ്പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപാകാനുള്ള കരുത്തും ആർജവവുമാണ് നേതൃത്വത്തിനു വേണ്ടത്. എല്ലാവരും ചേർന്ന് വെല്ലുവിളികളെ സധൈര്യം ഏറ്റെടുക്കണം -ചെന്നിത്തല പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും വർധിക്കുകയും ഭരണകൂടങ്ങൾ അതിന്റെ പ്രയോക്താക്കളാവുകയും ചെയ്യുന്നു. വർ​ഗീയ ഫാസിസ്റ്റ് അജൻഡയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കോൺ​ഗ്രസിനെ തകർത്ത് മറ്റു രാഷ്‌ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് ഈ അജൻഡ് നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. പഞ്ചാബിൽ ബിജെപി തോറ്റാലും കോൺ​ഗ്രസ് ജയിക്കരുതെന്ന് അവർ ആ​ഗ്രഹിക്കുന്നു. അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയെ അവർ സഹായിക്കുന്നത്. ഡൽഹിയിലും ഇതായിരുന്നു തന്ത്രം. ഇതു തന്നെയാണ് കേരളത്തിലെയും ബിജെപി അജൻഡ. ഇവിടെ കോൺ​ഗ്രസ് തകരണം. അതിനു സിപിഎമ്മിനെ സഹായിക്കുക. അവർ തമ്മിലുള്ള ഈ പാരസ്പര്യത്തിനൊപ്പം കേരളത്തിൽ അരാഷ്‌ട്രീയ വാദികൾ ഉണ്ടാക്കുന്ന വെല്ലുവിളിയും വലുതാണെന്ന് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. 

പ്രവർത്തന ശൈലി മാറണം

കോൺ​ഗ്രസിന്റെ പ്രവർത്തന ശൈലി മാറണം. പാർട്ടിയും അതിന്റെ സംവിധാനങ്ങളും പഴയ ശൈലിയിലാണ് ഇപ്പോഴും നീങ്ങുന്നത്. നിയമസഭയിലും പുറത്തും അതേ ശൈലിയാണ് സ്വീകരിക്കുന്നത്. അതു മാറണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി നടത്തിയ അഴിമതികളോരോന്നും പ്രതിപക്ഷമെന്ന നിലയിൽ നമ്മൾ വെളിച്ചത്തു കൊണ്ടു വന്നു. അവ ഓരോന്നും യാഥാർഥ്യമാണെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു. വെറുതേ ആരോപണം ഉന്നയിക്കുകയായിരുന്നില്ല നമ്മൾ ചെയ്തത്. വസ്തുതാപരമായ തെളിവുകൾ നിരത്തിയാണ് അന്ന് അഴിമതികൾ വെളിച്ചത്തു കൊണ്ടു വന്നത്. എന്നാൽ അതൊന്നും വേണ്ട നിലയിൽ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല.

കോവിഡ് മഹാമാരി മൂലം കേരളം അടച്ചിട്ടിരിക്കുകയായിരുന്നു. അഞ്ചു പേരിൽ കൂടുതൽ പേർക്ക് ഒത്തുകൂടാൻ പോലും അവസരം കിട്ടിയില്ല. ജനങ്ങൾ വല്ലാതെ ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്നു തെരഞ്ഞെടുപ്പ്. അതേ സമയം സൈബർ സംവിധാനങ്ങൾ വാരിക്കോരി ഉപയോ​ഗിച്ചും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്തുമാണ് ഇടതു സർക്കാർ അധികാരം നിലനിർത്തിയത്. സാഹചര്യങ്ങൾ അവർ അനുകൂലമാക്കി. നമുക്കതിനു കഴിഞ്ഞില്ല. ഇനി ഈ വീഴ്ച ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

ആം ആദ്മി അടക്കമുള്ള അരാഷ്‌ട്രീയ വാദികൾ അവസരം കാത്തിരിക്കുന്നു

'അധികാരം ആരോടൊപ്പമാണോ അവരോടൊപ്പം' എന്ന അപകടകരമായ അവസ്ഥയിലാണു കേരളം. അധികാരം ലഭിക്കുന്നവരെ അധികാരം വല്ലാതെ ഭ്രമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളെപ്പോലും കൈവിട്ടു കളയാൻ അധികാരം ചിലരെ പ്രേരിപ്പിക്കുകയാണ്. അധികാരത്തിനു വേണ്ടി എന്തു കുതന്ത്രവും പ്രകടിപ്പിക്കും. അതിനിടയിലാണ് അരാഷ്‌ട്രീയ വാദികൾ അവസരം കാത്തിരിക്കുന്നത്. കേരളത്തിലെ 20-20 രാഷ്‌ട്രീയവും അവരുമായുള്ള ആം ആദ്മി പാർട്ടി ചങ്ങാത്തവുമൊക്കെ അതിന്റെ ഫലമാണ്. ഇടതുപക്ഷത്തെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി മൂന്നാമതൊരു മുന്നണിയിലൂടെ അക്കൗണ്ട് തുറക്കാൻ തക്കം പാർത്തിരിക്കയാണ് കേരളത്തിലെ ബിജെപി. ഈ പ്രതിബന്ധങ്ങൾക്കെല്ലാം നടുവിൽ നിന്നു വേണം കേരളത്തിലെ കോൺ​ഗ്രസിനു പ്രവർത്തിക്കാനെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

രണ്ടു ദിവസം നീളുന്ന കെപിസിസി നവയു​ഗ് ചിന്തൻ ശിബിരം കെ.സി. വേണു ​ഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. 


Tags:    
News Summary - Congress facing big challenge - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.