കട്ടച്ചിറ പള്ളിയിൽ മൃതദേഹ സംസ്കാരത്തിന്റെ ഭാഗമായി അരങ്ങേറിയ സംഘർഷാവസ്ഥ

മൃതദേഹ സംസ്കാരത്തെ ചൊല്ലി കട്ടചിറയിൽ സംഘർഷം

കായംകുളം: യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കാരത്തെ ചൊല്ലി വീണ്ടും സംഘർഷം. യാക്കോബായ ഇടവകാംഗമായ കട്ടച്ചിറ കൊച്ചു തറയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മയുടെ മൃതദേഹം സംസ്കാര ചടങ്ങാണ് തർക്കങ്ങൾക്കിടയാക്കിയത്.

വെള്ളിയാഴ്ച വൈകിട്ട് 2.30 ഓടെയായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയിൽ എത്തിച്ചപ്പോൾ വാഹന പാർക്കിംഗിനെ ചൊല്ലി ഓർത്തഡോക്സ് വിഭാഗം വൈദികരുടെ നേതൃത്വത്തിൽ തർക്ക മുന്നയിച്ചതാണ് കാരണം. ഗായക സംഘത്തിന്റെ വാഹനം പാർക്കിങ് ഏരിയയിൽ പ്രവേശിപ്പിക്കുന്നതാണ് ഓർത്തഡോക്സ് വിഭാഗം എതിർത്തത്. ഇതോടെ മൃതദേഹം ഇറക്കാതെ യാക്കോബായക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ വിഷയം വഷളായി.

തുടർന്ന് വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇഗ്നേഷ്യസ്, കുറത്തികാട് സബ് ഇൻസ്പെക്ടർ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിന്റെ ഇടപെടലിലാണ് സംഘർഷം ഒഴിവായത്. ഒരു മണിക്കൂറിന് ശേഷം വാഹനം പള്ളി കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചാണ് പ്രശ്നം പരിഹാരിച്ചത്. സഭാതർക്കത്തെ തുടർന്ന് യാക്കോബായ വിഭാഗത്തിന്റെ കൈവശമിരുന്ന പള്ളി ഓർത്തഡോക്സ് വിഭാഗം കോടതി ഇടപെടലിലൂടെയാണ് സ്വന്തമാക്കിയത്.

125 കുടുംബങ്ങളുള്ള യാക്കോബായക്കാരുടെ മൃതദേഹ സംസ്കാരം സ്ഥിരം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. തർക്കപരിഹാരത്തിന്റെ ഭാഗമായി സെമിത്തേരി ഓർഡിനൻസ് ബിൽ സർക്കാർ പാസാക്കിയെങ്കിലും കട്ട ച്ചിറയിൽ ഇത് ഭാഗികമായി മാത്രമെ അംഗീകരിച്ചിട്ടുള്ളന്നാണ് യാക്കോബായക്കാർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സെമിത്തേരിയിൽ കല്ലറ വൃത്തിയാക്കാനെത്തിയ വിശ്വാസിയെ തടഞ്ഞുവച്ചതും സംഘർഷത്തിന് കാരണമായിരുന്നു. സെമിത്തേരി ഓർഡിനൻസ് ബില്ലിനോടുള്ള വെല്ലുവിളിയാണിതെന്ന് യാക്കോബായ ഇടവക ട്രസ്റ്റി അലക്സ് എം ജോർജ് പറഞ്ഞു. 

Tags:    
News Summary - Conflict in Kattachira over cremation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.