പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസിനെതിരെ വിദ്യാർഥിനി ഹൈകോടതിയിലേക്ക്. എസ്.എഫ്.ഐ നേതാവിന്‍റെ കൈയേറ്റത്തിനെതിരെ പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് പരാതിക്കാരി തന്നെ ഹൈകോടതിയെ സമീപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാണ് വിദ്യാർഥിനിയുടെ ആവശ്യം. എഫ്.ഐ.ആറിന്‍റെ പകർപ്പ് വാങ്ങാൻ സ്റ്റേഷനിലെത്തിയപ്പോൾ സി.ഐ മോശമായി പെരുമാറിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ലോ കോളജ് സംഘർഷത്തിന്‍റെ വിഡിയോ പുറത്തുവന്നു. പരാതിക്കാരിയും വിദ്യാർഥി നേതാവും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കൈയേറ്റം ചെയ്ത സംഭവത്തിൽ സി.പി.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നാലാം വർഷ വിദ്യാർഥിയുമായ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മർദനത്തിനിരയായ മൂന്നാം വർഷ വിദ്യാർഥിനിക്കെതിരെയും കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മറ്റും പറഞ്ഞാണ് ആറന്മുള പൊലീസ് കേസെടുത്തത്.
പ്രിൻസിപ്പലിനെതിരെ കോളജിൽ അടുത്തിടെ നടന്ന സമരത്തിൽ എല്ലാ വിദ്യാർഥി സംഘടനകളും ഒന്നിച്ചായിരുന്നു. പിന്നീട് എസ്.എഫ്.ഐ നേതാക്കൾ അറ്റൻഡൻസ് പ്രശ്നം മറികടന്ന് പരീക്ഷ എഴുതി. സമരത്തിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതാണ് തർക്കത്തിനിടയാക്കിയത്.
പെൺകുട്ടിയുടെ മൂക്കിടിച്ച് തകർക്കുകയും ദേഹത്തുപിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടിയുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.