'ദേവസ്വം ബോർഡ് സത്യവാങ്മൂലം അയിത്താചരണത്തെ പിന്തുണക്കുന്നത്' -മേൽശാന്തി നിയമനത്തിലെ ജാതി വിവേചനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് ജാതിവിവേചനം കാണിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കേരള നവോത്ഥാന സമിതി. ശാന്തിനിയമനത്തിൽ ജാതി പരിഗണന പാടില്ലെന്ന കോടതി ഉത്തരവുകൾ മാനിക്കാതെയാണ് ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിൽ അപേക്ഷകൻ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന് ദേവസ്വം ബോർഡ് നിബന്ധന വെച്ചത്.

ഹൈകോടതിയിൽ ഇതിനെതിരായ ഹരജികളിൽ നടക്കുന്ന വാദത്തിൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലം പ്രബുദ്ധ കേരളത്തിലെ പുരോഗമന മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും ചരിത്രവിരുദ്ധവും അയിത്താചരണത്തെ പിന്തുണയ്ക്കുന്നതുമാണെന്ന് നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലയാള ബ്രാഹ്മണൻ പ്രത്യേക ക്ലാസ് ആണെന്നുപോലും ദേവസ്വം സത്യവാങ്മൂലത്തിൽ വാദിച്ചത് ഇതിന്റെ തെളിവാണ്. താൽക്കാലിക നിയമനമായതുകൊണ്ട് ജാതി പരിഗണിക്കുന്നതിൽ തെറ്റില്ല എന്ന വിചിത്ര നിലപാടും ദേവസ്വത്തിനുണ്ട്. ഇത്തരം വാദങ്ങൾ കോടതിയിൽ അംഗീകരിക്കപ്പെടുന്ന പക്ഷം കേരളം ഇന്നോളം കൈവരിച്ച മുഴുവൻ നവോത്ഥാന മൂല്യങ്ങളുടെയും കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയാകും. ഇത് ജാതി വിവേചനം നിയമവിധേയമാകുന്ന അപകടകരമായ സ്ഥിതിയുണ്ടാക്കും. ഏറ്റവും ബഹുമാന്യമായ പദവി ഒരു സമുദായത്തിന് മാത്രമായി മാറ്റി വയ്ക്കുന്നത് കടുത്ത അനീതിയാണെന്നും നിവേദനത്തിൽ പറഞ്ഞു.

ദേവസ്വം ബോർഡുകളിലെ ശാന്തിനിയമനത്തിൽ ജാതി പരിഗണന പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. പ്രസ്തുത വിധിയെ മാനിക്കാതെയാണ് ഇപ്പോഴും പ്രമുഖ ക്ഷേത്രങ്ങളിൽ ശാന്തി നിയമനം നടക്കുന്നത്. ഇത് കോടതിയലക്ഷ്യവും ഇടതു ജനാധിപത്യ സർക്കാർ നയത്തിനു വിരുദ്ധവുമാണ്. മേൽ കേസിലെ വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ശാന്തി നിയമനം നടത്തണമെന്ന് സർക്കാർ ഉത്തരവായിരുന്നു. ശബരിമല ക്ഷേത്രത്തിലെ മേൽ ശാന്തി തസ്തികയിലേക്ക് ആർക്കും കാരാണ്മ അവകാശമില്ല എന്നും സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ഹൈകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിയായ സർക്കാർ, നിയമപരമായ പ്രാധാന്യം കണക്കിലെടുത്ത് അഡ്വക്കറ്റ് ജനറലിനേയോ അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരേയോ 17ന് നടക്കുന്ന സ്പെഷ്യൽ സിറ്റിങ്ങിലേക്ക് നിയോഗിക്കണമെന്നും സർക്കാർ നിലപാട് ഹൈകോടതി മുമ്പാകെ അവതരിപ്പിക്കണമെന്നും നവോത്ഥാന സമിതി ആവശ്യ​പ്പെട്ടു. ശബരിമല മേൽശാന്തി നിയമനത്തിലെ ജാതി വിവേചനവും മലയാള ബ്രാഹ്മണർക്ക് മാത്രമായി സംവരണം ചെയ്യുന്നതും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - Complaint to Chief Minister against caste discrimination in Melsanthi appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.