പ്രവീണ

കോളജ് യൂനിയൻ പിടിക്കാൻ കെ.എസ്.യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി പരാതി; സംഭവം എറണാകുളത്ത്

കൊച്ചി: കോളജ് യൂനിയൻ ഭരണം പിടിക്കാൻ കെ.എസ്.യു പ്രവർത്തകയെ എസ്.എഫ്.ഐക്കാർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. എറണാകുളം പൂത്തോട്ട എസ്.എൻ ലോ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രതിനിധിയായ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി പ്രവീണയെ തട്ടിക്കൊണ്ടു പോയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​ അലോഷ്യസ് സേവ്യർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്ന വ്യാജേന​ പ്രവീണയെ എസ്.എഫ്.ഐ പ്രവർത്തക കൂട്ടിക്കൊണ്ടുപോയി പുറത്ത്​ നിർത്തിയിരുന്ന കാറിൽ എത്തിക്കുകയായിരുന്നു. ഈ വാഹനത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തരുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് വിജനമായ സ്ഥലത്ത് പ്രവീണയെ ഇറക്കിവിട്ടു.

സംഭവം നടക്കുമ്പോൾ എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ കാമ്പസിലുണ്ടായിരുന്നു. ഇതുൾപ്പെടെ അന്വേഷിക്കണം. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിക്കണം. തെരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സംഭവത്തിന്​ പിന്നിൽ പ്രാദേശിക സി.പി.എം നേതൃത്വമാണ്.

തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന വിദ്യാർഥിയുൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ കെ.എസ്.യു അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. വിഷയത്തിൽ ഹൈകോടതിയിലും പരാതി നൽകുമെന്ന് അലോഷ്യസ് പറഞ്ഞു. കെ.എസ്.യു പ്രവർത്തക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Complaint that KSU worker was kidnapped to hold the college union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.