മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ സ്വപ്ന; മോർഫ് ചെയ്തതിന് ബിന്ദുകൃഷ്ണക്കെതിരെ പരാതി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെയും  ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പരാതി. കൊല്ലം എസ്.പിക്ക് ഡി.വൈ.എഫ്.ഐയാണ് പരാതി നല്‍കിയത്.

വിവാഹസൽക്കാരത്തിനിടെ മന്ത്രി ഇ.പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്താണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേർത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനിലും കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ചിത്രം സ്വന്തം പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിട്ടുണ്ട്. രണ്ടുപേർക്കെതിരെയും പരാതി നല്‍കിയെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം അറിയിച്ചു.

‘നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകള്‍ക്കുള്ളില്‍ നുണയും അര്‍ദ്ധ സത്യങ്ങളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകും. നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാന്‍ തുടങ്ങൂ,’ എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫേസ്ബുക്കില്‍ പ്രതികരിച്ചു.

വ്യാജ ചിത്രങ്ങൾ നിർമിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.

Tags:    
News Summary - complaint against Bindu Krishna for mophing photo of swapna- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.