ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവ് തന്‍റെ പക്കലുണ്ടന്ന് പരാതിക്കാരി

കൊച്ചി: സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ പരാതിക്കാരി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 19ന് ഉണ്ടായിരുന്നു എന്നതിനുള്ള ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.

സെപ്റ്റംബർ 19 ന് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു. അന്ന് ക്ലിഫ് ഹൗസില്‍ ലെെവ് സ്റ്റോക്ക് സെൻസസ് നടന്നു. സന്ദർശകരെ അനുവദിക്കാത്തതുകൊണ്ട് മറിയാമ്മ ഉമ്മനാണ് ഉദ്ഘാടനം ചെയ്തത്. എമർജിങ് കേരള കഴിഞ്ഞ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ച സമയത്തായിരുന്നു ഇത്. ഉമ്മൻചാണ്ടിയുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തിരുന്നു. അദ്ദേഹം ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പനിയായിരുന്നെന്നും സന്ദർശകരെ അനുവദിച്ചിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.

രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ മൊഴി കൊണ്ട് മാത്രം താൻ അവിടെ ചെന്നില്ലെന്ന് തെളിയിക്കാനാവില്ല. ഏഴുമണിക്ക് ശേഷമുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയില്ല. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണം. താൻ പരാതിയിൽ ഉറച്ചു നിൽക്കുന്നു. പൈസ കൊടുത്ത് സാക്ഷികളുടെ മൊഴി മാറ്റിയതിന്‍റെ രേഖകൾ തന്‍റെ പക്കലുണ്ട്. കേസ് എങ്ങനെ അട്ടിമറിച്ചു, സാക്ഷികളെ എങ്ങനെ വിലക്കുവാങ്ങി എന്ന് തെളിയിക്കുന്ന രേഖകളും ഉണ്ട്. എന്‍റെ കൂടെ ഉണ്ടായിരുന്ന സ്റ്റാഫിന്‍റെ മൊഴികളും ഉണ്ട്. അഞ്ചുലക്ഷം രൂപ നൽകി മൊഴി മാറ്റിക്കുകയായിരുന്നു. എന്നാൽ മൊഴി നൽകിയതിനുശേഷം 30,000 രൂപ മാത്രമാണ് അവർ നൽകിയത്. അതിനാലാണ് മൊഴി നൽകിയവർ തന്‍റെ അടുത്തുവന്ന് പരാതി പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.

നിഷ്പക്ഷമായ അന്വേഷണം വേണം. സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾ അവിടെയില്ല എന്ന് പറയാൻ കഴിയില്ല. ഞാൻ ജയിലിലായിരുന്ന സമയത്ത് എന്നെ കണ്ടിട്ടേയില്ല എന്ന് പറഞ്ഞ വ്യക്തിയാണ് ഉമ്മൻചാണ്ടി. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ടീം വർക്കായാണ് നടത്തിയത്. രണ്ട് ഉന്നതഉദ്യോഗസ്ഥർ അതിന് കൂട്ടുനിന്നുവെന്നും പരാതിക്കാരി പറഞ്ഞു.

പരാതിയുമായി ബന്ധപ്പെട്ട ടെലിഫോൺ രേഖകൾക്കായി സേവനദാതാക്കളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ലെന്നാണ് അവർ വ്യക്തമാക്കിയത്. അതിനാലാണ് കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.

പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നാണ് ഇപ്പോൾ പുറത്തുവന്ന ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഉള്ളത്. കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു പൊലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ഉമ്മന്‍ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Complainant against crime branch report that there is no evidence against Oommen Chandy in solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.