കൊച്ചി: ആമസോൺ ഓഫർ വിൽപനയിൽ വാങ്ങിയ ടി.വി പ്രവർത്തിക്കാത്തതിന് ഉപഭോക്താവിന് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ ഫോറം ഉത്തരവ്. ടി.വി നന്നാക്കി നൽകുകയോ ടി.വിയുടെ വില നൽകുകയോ ചെയ്യാത്ത ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഫോറം നിരീക്ഷിച്ചു.
എറണാകുളം അയ്യപ്പൻകാവ് സ്വദേശി ടി.യു. അനീഷ്, ആമസോൺ ഓൺലൈൻ, ക്ലൗഡ് ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരസ്യത്തിൽ ആകൃഷ്ടനായാണ് പരാതിക്കാരൻ 49,990 രൂപ വിലയുള്ള പാനസോണിക് ടി.വി വാങ്ങിയത്. പെട്ടി തുറന്ന് ഘടിപ്പിക്കാൻപോലും കഴിയാത്ത തരത്തിൽ ടി.വി തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ എതിർകക്ഷികളെ രേഖാമൂലം അറിയിച്ചെങ്കിലും ടി.വി നന്നാക്കി നൽകാനോ വില തിരിച്ചു നൽകാനോ അവർ തയാറായില്ല.
ടി.വിയുടെ വിലയായ 49,990 രൂപയും കോടതിച്ചെലവ് ഇനത്തിൽ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാനാണ് പ്രസിഡൻറ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. ടി.ഒ. സേവ്യർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.