തിരുവനന്തപുരം: വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന നിര്‍ദേശം അംഗീകരിച്ചില്ല.
മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ആറു ലക്ഷം രൂപ വനം വകുപ്പിന്റെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കും. മരിക്കുന്നവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി 10,000 രൂപയും നല്‍കും.
അതേസമയം, പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം മരിക്കുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക നാലു ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ രണ്ടു ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം. വനത്തിനു പുറത്താണിത്. 40 മുതല്‍ 60 ശതമാനം വരെ അംഗവൈകല്യമുണ്ടാകുന്നവര്‍ക്കും ഒരു കൈ, കാല്‍, കണ്ണുകള്‍ എന്നിവ നഷ്ടമാകുന്നവര്‍ക്കും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതില്‍ 74,000 രൂപ എസ്.ഡി.ആർ.എഫില്‍ നിന്നും 1,26,000 രൂപ വനം വകുപ്പില്‍ നിന്നും നല്‍കും.
60 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഈ തുക പൂര്‍ണമായും വനം വകുപ്പാകും നല്‍കുക.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് പരിക്കിന്റെ തോതിനനുസരിച്ച് 16,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഒരാഴ്ചയില്‍ താഴെ ആശുപത്രിവാസം വേണ്ടിവരുന്നവര്‍ക്ക് പരിക്കിന്റെ ആഘാതമനുസരിച്ച് 5400 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കാം. വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വസ്ത്രത്തിനായി 2500 രൂപയും ഉപജീവന മാര്‍ഗം തകര്‍ന്ന കുടുംബത്തിലെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനത്തിന് ആനുപാതികമായ തുകയും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.