കൊച്ചി: കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാര തുക അനുവദിക്കാൻ എത്രസമയം വേണ്ടിവരുമെന്ന് സർക്കാറിനോട് ഹൈകോടതി. ഡി. അനിൽ കുമാർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ എ ന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ചുമതലയുള്ള കേരള ലീഗൽ സർവിസ് അതോറിറ്റി (കെൽസ) ആവശ്യപ്പെട്ട തുക എന്ന് നൽകാനാവുമെന്ന് അറിയിക്കാനാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
നഷ്ടപരിഹാരം നൽകാൻ 2.5 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ജൂലൈ 17ന് 50 ലക്ഷം രൂപ മാത്രമാണ് സർക്കാർ അനുവദിച്ചതെന്ന് കെൽസ കോടതിയെ അറിയിച്ചു. കൂടുതൽ തുക അനുവദിക്കാൻ പദ്ധതി തയാറാക്കി നൽകാനുള്ള നിർദേശവും നൽകി. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ 2017ൽ 7.6 കോടി രൂപ സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ടെന്ന് ഹരജിക്കാരനും ചൂണ്ടിക്കാട്ടി.
കെൽസ ആവശ്യപ്പെട്ട 2.5 കോടി രൂപക്ക് പുറെമ 2019-20ൽ ഇത്രയും തുക തന്നെ വേണ്ടിവരുമെന്ന് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ, ആസിഡ് ആക്രമണങ്ങൾക്ക് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാനായി 25 ലക്ഷം രൂപയും വേണ്ടിവരും. ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്റ്റ് 19നകം സർക്കാർ മറുപടി നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.