‘മ​ന​സ്സ്​ കൈ​വി​ടാ​തെ ഇ​റ​ങ്ങി​യോ​ടി ഡോ. ​ര​ശ്മി, സ്കൂൾ കുട്ടികളെ രക്ഷപ്പെടുത്തി ബസ് ഡ്രൈവറും ആയയും’; ദേശീയപാത ഇടിഞ്ഞതിന്‍റെ ഞെട്ടൽമാറാതെ യാത്രക്കാർ

കൊ​ട്ടി​യം: ​കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഞെട്ടിക്കുന്ന ഓർമകളുമായി അപകടം സംഭവത്തിച്ച റോഡിലൂടെ യാത്ര ചെയ്തവർ. കാറിൽ യാത്ര ചെയ്ത കൊ​ട്ടി​യം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോക്ടർ ​ര​ശ്മിയും കൊ​ട്ടി​യം കി​ങ്​​സ്​ സ്കൂ​ളി​ലെ മി​നി ബ​സ് ഡ്രൈ​വ​റായ ഷാ​ജിയുമാണ് ഏറെ ഭയപ്പെട്ട സംഭവം വിവരിച്ചത്.

മ​ന​സ്സ്​ കൈ​വി​ടാ​തെ ഇ​റ​ങ്ങി​യോ​ടി ഡോ. ​ര​ശ്മി

റോ​ഡ്​ ത​ക​ർ​ന്ന്​ കാ​ർ കു​ടു​ങ്ങി​യ രം​ഗം വി​വ​രി​ക്കു​മ്പോ​ഴും അ​പ​ക​ടം ഏ​ൽ​പ്പി​ച്ച ആ​ഘാ​തം ഡോ. ​ര​ശ്മി​യി​ൽ നി​ന്ന്​ പോ​കു​ന്നി​ല്ല. അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​തി​ന്‍റെ ഓ​ർ​മ​യി​ൽ ഞെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്​ അ​വ​ർ. കാ​ർ ഓ​ടി​ച്ചു വ​ര​വെ ഒ​രു കി​ലു​ക്കം കേ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ഞ്ചി​ന് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മാ​ണെ​ന്ന് ക​രു​തി നി​ർ​ത്താ​നൊ​രു​ങ്ങു​മ്പോ​ൾ പെ​ട്ടെ​ന്ന് വ​ണ്ടി ശ​ക്ത​മാ​യി കു​ലു​ങ്ങി.

വ​ണ്ടി നി​ർ​ത്തി ​നോ​ക്കി​യ​പ്പോ​ഴാ​ണ് റോ​ഡി​ന്‍റെ ഭീ​ക​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട​ത്. മ​ന:​സാ​ന്നി​ധ്യം കൈ​വി​ടാ​തെ കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ഓ​ടു​ന്ന​തി​ന​നു​സ​രി​ച്ച് റോ​ഡ് വി​ണ്ടു​കീ​റി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ത​ക​ർ​ന്ന റോ​ഡി​ൽ കു​ടു​ങ്ങി​യ ഓ​ൾ​ട്ടോ കാ​ർ ഓ​ടി​ച്ചി​രു​ന്ന കൊ​ട്ടി​യം മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​ര​ശ്മി പ​റ​ഞ്ഞു.

ബാ​ഗും മൊ​ബൈ​ൽ ഫോ​ണും കാ​റി​ലാ​യ​തി​നാ​ൽ സം​ഭ​വം​ ആ​രെ​യും വി​ളി​ച്ച​റി​യി​ക്കാ​നാ​യി​ല്ല. പി​ന്നാ​ലെ ആ​രൊ​ക്കെ​യോ നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടി വ​രു​ന്ന​കാ​ഴ്ച​യാ​ണ്​ അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം പ​ക​ർ​ന്ന​ത്. അ​ത്യാ​ഹി​തം ഒ​ന്നും ഇ​ല്ലാ​തെ ര​ക്ഷ​പെ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ അ​വ​ർ.

സ്കൂ​ൾ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്​ 10 കു​ട്ടി​ക​ൾ

കൊ​ട്ടി​യം: കൊ​ട്ടി​യ​ത്തു​ള്ള സ്കൂ​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക്​ കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​പ്ര​തീ​ക്ഷി​ത അ​പ​ക​ടം ഡ്രൈ​വ​ർ ഷാ​ജി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. കൊ​ട്ടി​യ​ത്ത്​ നി​ന്ന്​ ഉ​ള്ള ഇ​റ​ക്കം ഇ​റ​ങ്ങ​നെ പെ​ട്ടെ​ന്നാ​ണ്​ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ താ​നും ആ​യ​യും ചേ​ർ​ന്ന് കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കൊ​ട്ടി​യം കി​ങ്​​സ്​ സ്കൂ​ളി​ലെ മി​നി ബ​സ് ഡ്രൈ​വ​റായ ഷാ​ജി പ​റ​ഞ്ഞു.

പ​ത്തു കു​ട്ടി​ക​ളാ​ണ് മി​നി​ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളെ ഉ​ട​ൻ പു​റ​ത്തെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ബ​സി​ന്‍റെ ട​യ​റു​ക​ൾ റോ​ഡി​ലെ വി​ള്ള​ലി​ൽ കു​ടു​ങ്ങി​യി​രു​ന്നു. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് വെ​ള്ള​വും നി​റ​ഞ്ഞി​രു​ന്നു. വൈ​കി​ട്ട്​ ആ​റോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ൾ ബ​സ് മാ​റ്റി​യ​ത്.

അപകടമറിഞ്ഞ്​ ഓടിക്കൂടി ജനം

കൊ​ട്ടി​യം: നി​ർ​മാ​ണ​ത്തി​നി​ടെ ദേ​ശീ​യ​പാ​ത​യു​ടെ ഉ​യ​ര​പ്പാ​ത താ​ഴ്ന്ന് വ​ലി​യ ഗ​ർ​ത്ത​മു​ണ്ടാ​കു​ക​യും സ​ർ​വി​സ് റോ​ഡ് ത​ക​ർ​ന്ന് വി​ള്ള​ലു​ണ്ടാ​കു​ക​യും ചെ​യ്തെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ വ​ൻ ജ​നാ​വ​ലി​യാ​ണ് മൈ​ല​ക്കാ​ട്ടേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങി​യ പ​ല​രേ​യും പൊ​ലീ​സ് പി​ന്തി​രി​പ്പി​ച്ചു പ​റ​ഞ്ഞു വി​ട്ടു.

ത​ക​ർ​ന്ന സ​ർ​വീ​സ് റോ​ഡി​ന് അ​ടി​യി​ലു​ള്ള തോ​ട് ത​ക​ർ​ന്ന് വെ​ള്ളം റോ​ഡി​ൽ നി​റ​ഞ്ഞ​തോ​ടെ ഓ​ടി​കൂ​ടി​യ​വ​രു​ടെ ഭീ​തി ഇ​ര​ട്ടി​ച്ചു. ഉ​യ​ര​പ്പാ​ത​യി​ൽ മ​ണ്ണ് നി​റ​ക്കാ​നു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ച​രി​ഞ്ഞ് ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡി​ലെ മ​ണ്ണ് താ​ഴ്ന്നു​പോ​യ നി​ല​യി​ലാ​ണ്. കാ​യ​ലി​ൽ നി​ന്നെ ടു​ത്ത ഉ​പ്പു​ര​സ​മു​ള്ള മ​ണ്ണി​ന് മു​ക​ളി​ൽ ചെ​മ്മ​ണ്ണാ​യി​രു​ന്നു നി​റ​ച്ചി​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി നി​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് ഇ​ടി​ഞ്ഞ​ത്. കോ​ൺ​ക്രീ​റ്റ് മ​തി​ലി​ന്‍റെ ഭാ​രം കൊ​ണ്ടാ​ണ് സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന​തെ​ന്നാ​ണ് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്.

റോ​ഡ് ത​ക​ർ​ന്ന​ത്​ അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം ഇ​വി​ടെ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​കാ​ട്ടി പ​ല ത​വ​ണ പ​രാ​തി​ക​ൾ പ​റ​ഞ്ഞെങ്കി​ലും ഹൈ​വേ അ​തോ​റി​റ്റി അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ത്തി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നി​ർ​മാ​ണ മേ​ൽ​നോ​ട്ട​ത്തി​ന് ആ​രു​മി​ല്ലാ​തെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ മാ​സം ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​കാ​രി​യു​ടെ മേ​ൽ​മ​ണ്ണ് നി​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്ലാ​ബ് വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു കൊ​ണ്ടാ​ക​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന ​ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

മേ​ൽ​പ്പാ​ല നി​ർ​മാ​ണം ന​ട​ക്കു​മ്പോ​ൾ കൊ​ട്ടി​യ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ർ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ന​ട​ന്നു പോ​കു​ന്ന​ത്. ഇ​പ്പോ​ൾ റോ​ഡ് ത​ക​ർ​ന്ന മൈ​ല​ക്കാ​ട്ട് മേ​ൽ​പ്പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഉ​യ​ര​പ്പാ​ത പാ​ല​ത്തി​ൽ കൊ​ണ്ട് മു​ട്ടി​ക്കാ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

വെള്ളിയാഴ്ച വൈകീട്ട്​ 4.15ഓടെയാണ് കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്.​ ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തു നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകുന്ന റോഡിൽ കൊട്ടിയത്തിന്​ സമീപം​ മൈലക്കാടായിരുന്നു സംഭവം​.

വീണ്ടുകീറിയ സർവിസ്​ റോഡിൽ സംഭവസമയം ഉണ്ടായിരുന്ന ഒരു സ്കൂൾ ബസും മൂന്ന് കാറുകളും അപകടകരമായ രീതിയിൽ കുടുങ്ങി​. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്‍റെ കോൺക്രീറ്റ്​ സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ യാത്രികരും സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളും ഇറങ്ങി ഓടി.

അടിപ്പാതയോട്​ ചേരുന്ന സ്ഥലത്ത്​ കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ​ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന്​ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ​ മറിഞ്ഞതാണ്​ രക്ഷയായത്​.

ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ​ചെറുതോടിന്​ കടന്നുപോകാൻ റോഡി​ന്​ കുറുകെ നിർമിച്ച കലുങ്ക്​ തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്‍റെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.

Tags:    
News Summary - Commuters in shock after national highway collapses in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.