വി. ശിവൻകുട്ടി, ബിനോയ് വിശ്വം
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) ലോകാവസാനം വരെ എതിർക്കാൻ കഴിയില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ വിദ്യാഭ്യാസ നയത്തിൽ ആർ.എസ്.എസ് പദ്ധതിയുണ്ടെന്നും അതിനെ ലോകാവസാനം വരെ കമ്യൂണിസ്റ്റുകാർ എതിർക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സർക്കാർ തിരുത്താതെ പി.എംശ്രീയുമായി മുന്നോട്ടു പോയാൽ അപ്പോൾ നോക്കാം. 27-ാം തീയതിയിലെ സംസ്ഥാന നിർവാഹക സമിതിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാം. തെറ്റ് തെറ്റ് തന്നെയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പി.എം ശ്രീയിൽ നിലപാട് തിരുത്തും വരെ മന്ത്രിസഭായോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബിനോയ് വിശ്വം മറുപടി നൽകിയില്ല.
വിവാദമായ ബ്രൂവറി പദ്ധതിയെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി രൂക്ഷമായി പ്രതികരിച്ചു. കുടിവെള്ളത്തെയും കൃഷി ഭൂമിയെയും ബാധിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ പോയാൽ അപ്പോ കാണാമെന്നും ബിനോയ് വിശ്വം സർക്കാറിന് മുന്നറിയിപ്പ് നൽകി.
വിവാദമായ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് എൻ.ഇ.പിയെ (ദേശീയ വിദ്യാഭ്യാസ നയം) ലോകാവസാനം വരെ എതിർക്കാൻ സാധിക്കില്ലെന്ന് വിവാദ പരാമർശം മന്ത്രി വി. ശിവൻകുട്ടി നടത്തിയത്. ലോകത്ത് മാറികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് മാറിനിൽക്കാൻ കേരളത്തിന് സാധിക്കില്ല.
എൻ.ഇ.പിയുടെ കാര്യത്തിൽ മാത്രമല്ല ടൂറിസം രംഗത്തായാലും ലോകബാങ്കിന്‍റെ കാശ് വാങ്ങുന്ന കാര്യത്തിലായാലും സ്വകാര്യ സ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനാണെങ്കിലും ഐക്യ കേരളം രൂപീകരിച്ച കാലത്തെ നയത്തിൽ നിന്ന് മാറിയിട്ടുണ്ട്. അത്തരത്തിൽ നയം സ്വീകരിക്കേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു.
എല്ലാ കാലത്തും ഒരേ നയത്തിൽ പിടിച്ചോണ്ട് നിൽക്കാൻ പറ്റില്ല. ലോക ബാങ്കിൽ നിന്ന് കാശ് വാങ്ങില്ലെന്ന് എൽ.ഡി.എഫിന് നയമുണ്ടായിരുന്നു. നാടിന്‍റെയും രാജ്യത്തിന്‍റെയും സ്ഥിതി മനസിലാക്കി വാങ്ങാമെന്ന് തീരുമാനിച്ചു. എല്ലാ കാലത്തും എൻ.ഇ.പിയിൽ പിടിച്ച് കിട്ടേണ്ട കാശ് വാങ്ങാൻ പാടില്ലെന്നും പി.എംശ്രീ പറഞ്ഞ് കേന്ദ്രം നൽകേണ്ട കോടികണക്കിന് രൂപ വാങ്ങേണ്ടെന്ന് പറയാൻ പറ്റില്ല. മാധ്യമങ്ങൾ കാശ് തരുമോ എന്നും മന്ത്രി ശിവൻകുട്ടി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.