അഗ്നിപഥിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് വർഗീയതയും വിഭാഗീയതയും ജാതീയതയും -കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാജ്യത്ത് പ്രതിപക്ഷ ഐക്യം സാധ്യമായാൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിലംപതിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രവാചകനിന്ദ, ബുൾഡോസർ രാഷ്ട്രീയം, അഗ്നിപഥ് വിഷയങ്ങളിൽ ആദായനികുതി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. പല സംസ്ഥാനങ്ങളിലും പല പാർട്ടികളുടെയും സൗജന്യത്തിലാണ് ബി.ജെ.പി ഭരിക്കുന്നത്. രാജ്യത്ത് ആർ.എസ്.എസ് വിതച്ച വർഗീയതയെ ഊതിവീർപ്പിക്കാനാണ് അഗ്നിപഥ് കൊണ്ടുവരുന്നത്. രാജ്യത്തെ യുവാക്കൾക്ക് ജോലി നൽകാനെന്ന വ്യാജേന അവതരിപ്പിച്ച അഗ്നിപഥിനുള്ളിൽ വർഗീയതയും വിഭാഗീയതയും ജാതീയതയുമാണ് ഒളിഞ്ഞിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകൾ പരീക്ഷയെഴുതി പരിശീലനം കഴിഞ്ഞ് തൊഴിലിനായി കാത്തിരിക്കുമ്പോൾ ഇതുപോലുള്ള പാതകം നടത്തുന്നത് രാജ്യത്തെ യുവജനങ്ങളോടുള്ള വഞ്ചനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിലൂടെ രാജ്യം ലോകത്തിനു മുന്നിൽ അപമാനിതയായി. വംശവെറിയിലേക്ക് ഇന്ത്യ പോകുകയാണോയെന്നും അവർ ആശങ്കപ്പെട്ടു. ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ മാധ്യസ്ഥ്യം വഹിക്കുകയും ചേരിചേരാനയം പുലർത്തുകയും ചെയ്തിരുന്ന, വലിയ ഒരു പദവി നിലനിർത്തിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. മോദിസർക്കാറിന്‍റെ നയങ്ങളിലൂടെ ആ പദവിക്ക് മങ്ങലേറ്റിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Communalism, sectarianism and casteism are hidden in the agnipath - PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.