ഷാ​ജ​ഹാ​ൻ, സ​ലീം മീ​ത്ത​ൽ, സ​ബി​ത

മുണ്ടക്കൈ വീണ്ടുമോർക്കുന്നു, ഉരുൾ കവർന്ന ജനകീയ നേതാക്കളെ

ചൂരൽമല (വയനാട്): തദ്ദേശ തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ബാക്കിയിരിക്കേ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ ഓർമകൾ അഞ്ചുവർഷം പിന്നോട്ടുപോവുകയാണ്. 2024 ജൂലൈ 30ന് ഇരുദേശങ്ങൾക്കും മേൽ ഉരുൾപൊട്ടിയൊലിച്ചപ്പോൾ എന്നന്നേക്കുമായി മാഞ്ഞുപോയത് ആ നാട്ടുകാരുടെ ഹൃദയം കവർന്ന പൊതുപ്രവർത്തകരുംകൂടിയായിരുന്നു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് നാട്ടുകാരുടെ വോട്ടുകൾ പട്ടികയിൽ ചേർക്കാനും പ്രചാരണപ്രവർത്തനങ്ങൾക്കും ഓടിനടന്നവരായിരുന്നു അവർ. മറ്റുള്ളവരുടെ വീടുകളിൽ അന്നത്തിന് വകയുണ്ടോ എന്ന് നോക്കിയും ഇല്ലെങ്കിൽ അതിന് വഴി കണ്ടെത്തുകയും ചെയ്ത് നാടിന്റെ ഹൃദയത്തിൽ കുടിയേറിയവർ.

എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ബി.ജെപിയുടേയും പ്രാദേശിക നേതാക്കൾ ദുരന്തത്തിൽ മരണപ്പെട്ടു. സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ മേഖല ട്രഷററുമായിരുന്ന ഷാജഹാൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമായ സുദേവൻ, കോൺഗ്രസ് മുണ്ടൈക്ക ബൂത്ത് പ്രസിഡന്റായിരുന്ന മീത്തൽ സലീം, മേപ്പാടി പഞ്ചായത്ത് മുൻ അംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ സബിത, ബി.ജെ.പി നേതാവായ സുബ്രഹ്മണ്യൻ എന്നീ പ്രധാന പ്രാദേശിക നേതാക്കളാണ് ഓർമയായത്.

സുദേവന്റെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. കാണാതായവരെ മരണപ്പെട്ടവരെന്ന് കണക്കാക്കി സർക്കാർ ഉത്തരവിറക്കിയപ്പോൾ അതിലൊരു പേരും ഇദ്ദേഹത്തിന്റേതായി. ബാക്കിയുള്ള ചിലരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ചൂരൽമല തോട്ടം മേഖലയായതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങളിലടക്കം നിരന്തരം ഇടപെട്ടവരായിരുന്നു ഇവർ. മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പുകൂടി മുന്നിലെത്തുമ്പോൾ പ്രിയ നേതാക്കളുടെ ഓർമകളാൽ വിതുമ്പുകയാണ് ദുരന്തത്തെ അതിജീവിച്ചവർ.

മേപ്പാടി പഞ്ചായത്തിലെ അട്ടമല, മുണ്ടക്കൈ, ചൂരൽമല വാര്‍ഡുകളിലുണ്ടായ ഉരുൾപൊട്ടലിൽ 298 പേരാണ് ആകെ മരിച്ചത്. പുതിയ വാർഡ് വിഭജനത്തിൽ മുണ്ടക്കൈ വാർഡ് ഇല്ലാതാകുകയും 11ാം വാര്‍ഡായ ചൂരല്‍മലയോട് ചേർക്കുകയുമായിരുന്നു. ഇവിടെയുള്ള മദ്റസ ഹാളിലും ക്രിസ്ത്യൻ പള്ളി ഹാളിലുമായി ഇത്തവണ ഒരുക്കുന്ന രണ്ട് ബൂത്തുകളിലായി 1200ഓളം വോട്ടർമാർ വീതമാണുള്ളത്.

Tags:    
News Summary - commemoration of social workers who lost life in wayanad land slide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.