നാളികേര സംഭരണ കുടിശ്ശിക 77 കോടി

കോഴിക്കോട്: നാളികേരത്തിന് ദിനംപ്രതി വിലയിടിയുമ്പോള്‍ കേരഫെഡ് സംഭരിച്ച നാളികേരത്തിന്‍െറ പണം കൊടുക്കാതെ കോടികള്‍ കുടിശ്ശികയാക്കിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. നാളികേര ഉല്‍പാദനത്തില്‍ ദേശീയതലത്തില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും ഉല്‍പാദന ക്ഷമതയുള്ള കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളും ഏറെ പിന്നാക്കം പോയിരിക്കുകയാണെന്ന് നാളികേര വികസന ബോര്‍ഡ് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലും കോട്ടയത്തും തേങ്ങ ഉല്‍പാദനം 50 ശതമാനം കുറഞ്ഞുവെന്നും പഠനം പറയുന്നു. അതേസമയം, കോയമ്പത്തൂരിലും തേനിയിലും 60 ശതമാനംവരെ ഉല്‍പാദനം വര്‍ധിച്ചു.

നാളികേരത്തിന്‍െറ വിലയിടിവാണ് ഉല്‍പാദനക്ഷമത കുറയാനുള്ള പ്രധാന കാരണമായി നാളികേര വികസന ബോര്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ വി.സി. വസന്ത്കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. വിലകുറയുമ്പോള്‍ കര്‍ഷകര്‍ തെങ്ങിനെ പരിപാലിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്തതാണ് പ്രധാന കാരണം. വളം നല്‍കുന്നതിലും ജലസേചനത്തിലുമെല്ലാം തമിഴ്നാടിനെ അപേക്ഷിച്ച് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനാസ്ഥയാണുള്ളത്. കേരളത്തിലെ കൂലിച്ചെലവും ഭൂമിയുടെ കൂടിയ വിലയും കര്‍ഷകരെ കേരകൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, നാളികേരം സംഭരിച്ച വകയില്‍ സംസ്ഥാനത്ത് 77 കോടി രൂപ കേരഫെഡ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് കേര കര്‍ഷക സംഘം സംസ്ഥാന ഭാരവാഹി ടി.കെ. രാജന്‍ മാസ്റ്റര്‍ പറഞ്ഞു. തേങ്ങ സംഭരിച്ചതിന് മേയ് വരെയുള്ള പണം മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തില്‍നിന്ന് 8118 നാളികേരം എന്നതാണ് കേരളത്തിന്‍െറ ഉല്‍പാദനക്ഷമത.

ഈ സ്ഥാനത്ത് 2000 മുതല്‍ 2015 വരെ കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദനമുള്ള കോഴിക്കോട് ജില്ലയിലെ ശരാശരി ഉല്‍പാദന നിരക്ക് ഹെക്ടറൊന്നിന് 7070 തേങ്ങ എന്ന നിരക്കിലാണ്. മഴയുടെ കുറവാണ് ഉല്‍പാദനത്തെ പ്രധാനമായും ബാധിച്ചത്. ഇതിനു പുറമെ രോഗബാധയും കാരണമായി. സംസ്ഥാനത്ത് കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും മലപ്പുറത്ത് 4.60 ശതമാനവും ഉല്‍പാദനം കുറഞ്ഞതായും പഠനം സൂചിപ്പിക്കുന്നു. രാജ്യത്ത് മൊത്തത്തില്‍ നാളികേര ഉല്‍പാദനത്തില്‍ അഞ്ചുശതമാനത്തിന്‍െറ കുറവാണ് കണക്കാക്കുന്നത്.

Tags:    
News Summary - coconut subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.