കഞ്ചിക്കോട് സി.എൻ.ജി സിലിണ്ടർ ചോർന്നത് ഭീതിയിലാക്കി: മഴയും അഗ്നിരക്ഷാസേനയുടെ ഇടപെടലും ദുരന്തം ഒഴിവാക്കി

വാളയാർ: കഞ്ചിക്കോട് ദേശീയപാതയിൽ സി.എൻ.ജി സിലിണ്ടർ ചോർന്നത് പ്രദേശത്തെ ഭീതിയിലാക്കി. മിനിലോറിയിൽ കൊണ്ടുപോയ സി.എൻ.ജി സിലിണ്ടറുകൾ ചോർന്നതാണ് പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയത്. സംഭവ സമയത്ത് പ്രദേശത്തുണ്ടായ കനത്ത മഴയും അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലും വൻദുരന്തം ഒഴിവാക്കി. ഇന്നലെ രാത്രി 7.40ന് കഞ്ചിക്കോട് ആശുപത്രി ജങ്‌ഷന് സമീപമാണ് അപകടം നടന്നത്.

വാതകം ചോർന്നതോടെ ദേശീയപാതയിൽ വാഹനം നിർത്തി ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് രാത്രി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ദേശീയപാതക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. സമീപത്തെ വീടുകളിലുള്ളവക്ക് സുരക്ഷാ മുന്നറിയിപ്പും നൽകി. ചിലരെ സേനാംഗങ്ങളുടെ നിരീക്ഷണത്തിലേക്ക് മാറ്റി. വാതകം പൂർണമായി ചോർന്നെങ്കിലും മഴ ശക്തമായതിനാൽ വൻഅപകടമാണ് ഒഴിവായത്. വാതകം വലിയതോതിൽ അന്തരീക്ഷത്തിലേക്ക് പടർന്നതും പ്രദേശത്ത് ഭീതി പടർത്തി.

കനാൽ പിരിവിലുള്ള അദാനി സി.എൻ.ജി ഗ്യാസ് പ്ലാന്റിൽ നിന്ന് കല്ലേക്കാട്ടെ സി.എൻ.ജി പമ്പിലേക്ക് കൊണ്ടുപോയ സിലിണ്ടറുകളാണ് ചോർന്നത്. വാഹനത്തിലുണ്ടായിരുന്ന സിലിണ്ടർ ശേഖരം തെന്നി നീങ്ങി വാൽവുകൾ തകരാറിലായി കംപ്രസഡ് നാചുറൽ ഗ്യാസ് (പ്രകൃതി വാതകം) ചോരുകയായിരുന്നു. 43 സിലിണ്ടറുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ 16 സിലിണ്ടറുകളാണ് ചോർന്നത്. സിലിണ്ടറുകളിൽ വാൽവുകൾ തകരാറിലായ നിലയിലായിരുന്നു. സിലിണ്ടറുകൾ ചോർന്ന് പൂർണമായി വാതകം ഒഴിഞ്ഞ നിലയിലായിരുന്നു.

സീനിയർ അഗ്നിരക്ഷാ ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ രണ്ടുടീമാണ് സ്ഥലത്തെത്തിയത്. ചോർച്ച പൂർണമായി അടച്ച ശേഷം കമ്പനിയിലെ സേഫ്റ്റി ഓഫിസർമാരുടെ സംഘമെത്തി. തുടർ പരിശോധനക്ക് ശേഷമാണ് വാഹനവും സിലിണ്ടറുകളും കനാൽപ്പിരിവിലെ പ്ലാന്റിലെത്തിച്ചത്. പിന്നീട് രാത്രി 11.30 ന് സിലിണ്ടറുകൾ വീണ്ടും നിറച്ച് കല്ലേക്കാട്ടെ പമ്പിലേക്ക് കൊണ്ടുപോയി.

അപകടം നടന്ന് നാടൊന്നാകെ കൈകോർത്തപ്പോൾ ഒഴിവായത് വൻദുരന്തം. സി.എൻ.ജി സിലിണ്ടർ ചോർന്നുണ്ടായ അപകടം ദേശീയപാതയെയും കഞ്ചിക്കോട് ജനവാസമേഖലയെയുമാണ് ഭീതിയിലാക്കിയത്. കനത്ത മഴയെ അവഗണിച്ച് പ്രദേശവാസികളും വ്യാപാരികളുമാണ് ആദ്യം ഓടിയെത്തിയത്. വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാസേനയും സ്ഥലത്തേക്ക് കുതിച്ചെത്തി.

അതിശക്തമായി വാതകം പടർന്നതോടെ വാഹനത്തിന് അരികിലേക്ക് അടുക്കാനായില്ല. തീവ്രത കുറഞ്ഞ ശേഷമാണ് വാഹനത്തിന് സമീപമെത്തി വാൽവുകളിലൂടെയുള്ള ചോർച്ച അടച്ചത്. ദേശീയപാതയിൽ ഇരുഭാഗങ്ങളിലെയും വാഹനങ്ങൾ അര കിലോമീറ്റർ അകലെ നിയന്ത്രിച്ചു നിർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അദാനി പ്ലാന്റിലെ സേഫ്റ്റി ഓഫിസർമാർക്കൊപ്പം കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ കമ്പനികളിൽ നിന്നുള്ള സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - CNG cylinder leak in Kanchikode creates panic: Rain and fire brigade intervention avert disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.