കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി.ബി.എൽ അധികൃതർക്ക് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം കൈമാറി രാത്രി 8.30ന് ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റു മൃതദേഹങ്ങളും അതത് സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി.എൽ അധികൃതർ അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശി സിവിൽ ഫോർമാൻ ബികാഷ് കുമാർ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.

ഇനി മണ്ണിനടിയിലുള്ള അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. കനത്ത മഴ രക്ഷാ പ്രവർത്തനങ്ങൾ ദുഷ്കരമാക്കുന്നുണ്ട്. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ - ഹിമാചൽ പ്രദേശ്), രാഹുൽ (എഞ്ചിനീയർ - ഹിമാചൽ പ്രദേശ്), മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ - ബിഹാർ), രാകേഷ് ഗുച്ചത് (സർവേയർ - പശ്ചിമബംഗാൾ), അസ്ഹറുദ്ദീൻ അൻസാരി (സർവേയർ - ഉത്തർപ്രദേശ്) എന്നിവരെയാണ് കാണാതായത്.

കാണാതായവരെ കണ്ടെത്തുന്നതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.  ഇന്നലെ രാവിലെ 11:10-ഓടെയാണ് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമിക്കുന്ന മീനാക്ഷിമലയിൽ അപകടമുണ്ടായത്.

Tags:    
News Summary - Bodies of those killed in the Kallady landslide were embalmed and handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.