തൃശൂർ: ജന്മനാ ഇരുകൈകളുമില്ലാത്ത കൺമണി ശാസ്ത്രീയ സംഗീതാലാപനത്തിനായി വേദിയിലെത്തിയപ്പോൾ ആസ്വാദകരുടെ നെഞ്ചിൽ ഒരു പിടച്ചിൽ. പക്ഷേ, ശങ്കരാഭരണ രാഗത്തിൽ തുടങ്ങിയ പാട്ടിലൂടെ കൺമണി ഏവരെയും പാട്ടിലാക്കി; കല ആ മിടുക്കിക്ക് മുന്നിൽ കുമ്പിട്ടു, സദസ്സും. കായംകുളം താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർഥിനിയാണ് എ ഗ്രേഡ് നേടിയ കൺമണി.
സ്വാതിതിരുനാൾ കൃതിയായ ഭക്തപാരായണം എന്നു തുടങ്ങുന്ന കീർത്തനമാണ് ആലപിച്ചത്. ഇരുകൈകളുമില്ലാത്ത കൺമണിയുടെ ഇരുകാലുകൾക്കും വളർച്ചക്കുറവുണ്ട്. കഴിഞ്ഞ കേരള കലോത്സവത്തിൽ സംസ്കൃത ലളിതഗാനത്തിലും അഷ്ടപദിയിലും ഒന്നാംസ്ഥാനം നേടിയിരുന്നു. ചിത്രകലയിലും മികവു തെളിയിച്ച മിടുക്കി ഓയിൽ പെയിൻറിങ് ഉൾപ്പെടെയുള്ള ചിത്രരചന മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഗൾഫ്നാടുകളിൽ ഉൾപ്പെടെ സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്.
ഖത്തറിൽ ഡ്രൈവറായ മാവേലിക്കര അറുന്നൂറ്റിമംഗലം ‘അഷ്ടപദി’യിൽ ശശികുമാർ-രേഖ ദമ്പതികളുടെ മകളായ കൺമണി പഠനത്തിലും മിടുമിടുക്കിയാണ്. സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽനിന്നുള്ള കൺമണിക്ക് കുട്ടിക്കാലം മുതൽ കലകളോട് അഭിരുചിയുണ്ട്. വിവിധ ചാനൽഷോകളിലും പങ്കെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും കൈമുതലാക്കി സംഗീതവഴിയിൽ മുന്നോട്ടുള്ള പ്രയാണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.