കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചചെയ്യാനും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ചേർന്ന എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയോഗത്തിൽ ഉന്തുംതള്ളും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെടെ പങ്കെടുത്ത യോഗം കൈയാങ്കളിയുടെ വക്കോളമെത്തിയതോടെ പാതിവഴിയിൽ പിരിച്ചുവിട്ടു.
എലത്തൂരിൽ എ.കെ. ശശീന്ദ്രനും കുട്ടനാട് സീറ്റിൽ തോമസ് കെ. തോമസും വീണ്ടും മത്സരിക്കാൻ നടത്തുന്ന നീക്കങ്ങളും പാർട്ടിയുടെ നിർജീവാവസ്ഥയും യോഗത്തിൽ ചർച്ചയായതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പാർട്ടിയിൽ ചർച്ചനടത്താതെ സിറ്റിങ് സീറ്റുകളിൽ ശശീന്ദ്രനും തോമസ് കെ. തോമസും വീണ്ടും മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കൂടിയായ തോമസ് കെ. തോമസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ യോഗത്തിൽ ഒരുവിഭാഗം ചോദ്യംചെയ്തു.
കോഴിക്കോട് ജില്ല പ്രസിഡന്റ് കൂടിയായ മുക്കം മുഹമ്മദാണ് കടുത്ത വിമർശനം നടത്തിയത്. മന്ത്രിയായപ്പോൾ ഇനി മത്സരിക്കാനില്ലെന്ന് മുമ്പ് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. ഏഴുതവണ മത്സരിച്ച ശശീന്ദ്രൻ സ്വയം പിന്മാറണമെന്ന് എറണാകുളം ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽഅസീസും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ പിന്തുണച്ച കോട്ടയം ജില്ല പ്രസിഡന്റ് ടി.വി. ബേബി, സംസ്ഥാന പ്രസിഡന്റിന് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ യോഗം ബഹളത്തിൽ മുങ്ങുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.