സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗത്തിന്‍റെ ചിറകരിഞ്ഞു

തൃശൂർ: സംസ്ഥാനത്തെ റേഷൻ സംവിധാനത്തിലെ അഴിമതി നിർമാർജനത്തിനായി പ്രവർത്തിക്കുന്ന പൊതുവിതരണ വകുപ്പ് (സിവിൽ സപ്ലൈസ്) വിജിലൻസ് വിഭാഗത്തിന്‍റെ ചിറകരിഞ്ഞു.

പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ അഴിമതിയും ഗോഡൗണുകളിലെയും റേഷൻ കടകളിലെയും തട്ടിപ്പും കണ്ടെത്തുന്നതിന് വകുപ്പ് നിശ്ചയിച്ച സംവിധാനം ജീവനക്കാരെ കുറച്ച് നിർവീര്യമാക്കുകയാണ് ചെയ്തത്. വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ ഒരു താലൂക്ക് സപ്ലൈ ഓഫിസറും രണ്ട് റേഷനിങ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘത്തിൽനിന്ന് താലൂക്ക് സപ്ലൈ ഓഫിസറെയും റേഷനിങ് ഇൻസ്പെക്ടറെയും ഒഴിവാക്കി ഡയറക്ടർ ഉത്തരവിറക്കി.

ഇതോടെ ജില്ല സപ്ലൈ ഓഫിസർ തസ്തികക്ക് തുല്യമായ തസ്തികയുള്ള വിജിലൻസ് ഓഫിസർ മാത്രമായി വിജിലൻസ് വിഭാഗം പേരിലൊതുങ്ങും. താലൂക്ക് സപ്ലൈ ഓഫിസർക്ക് ചുമതലയുള്ള വിജിലൻസിന് കീഴിലുള്ള മൊബൈൽ പട്രോൾ യൂനിറ്റിന്‍റെ പ്രവർത്തനവും താളംതെറ്റും. ഗോഡൗണുകളിലും റേഷൻ കടകളിലും മിന്നൽ പരിശോധന ഇല്ലാതാവുന്ന സാഹചര്യമാണ് ഇതോടെ സംജാതമാവുക.

ഇതോടൊപ്പം രണ്ടു ക്ലർക്കുമാരുടെ തസ്തികയും ഇല്ലാതാക്കിയിട്ടുണ്ട്. വിജിലൻസ് വിഭാഗത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യം പറഞ്ഞാണ് വകുപ്പിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത്. പരാതി ലഭിക്കുന്നതിന് അനുസരിച്ച് മിന്നൽ പരിശോധനകൾ അടക്കം നടത്തി പൊതുവിതരണ വിഭാഗത്തെ ശാക്തീകരിക്കുന്നതിന് കാര്യമായ ഇടപെടൽ നടത്താവാത്ത സാഹചര്യമാണ് ഇനിയുണ്ടാവുക. പുതിയ പരിഷ്കാരത്തിന് എതിരെ ഉന്നത ഉദ്യോഗസ്ഥർ അടക്കം രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മർദമാണ് കാരണമെന്നും ആക്ഷേപമുണ്ട്.

നേത്തേ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ പോലും ശക്തമായ ഇടപെടൽ നടത്തുന്നതിന് വിജിലൻസ് വിഭാഗത്തിനായിട്ടുണ്ട്. തുറന്ന വിപണിയിലെ പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും എതിരെ നടപടിയെടുക്കാനും ഈ വിഭാഗത്തിനാവും. വിപണി വില പിടിച്ചുനിർത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിജിലൻസ് വകുപ്പിന്‍റെ ഇടപെടൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്.

Tags:    
News Summary - Civil Supplies Vigilance Division power reduced by removing officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.