തൃശൂർ: കൗമാരക്കാരിൽ അക്രമങ്ങൾ കൂടുന്നതിനോടൊപ്പം മയക്കുമരുന്നിന്റെ വെല്ലുവിളിയും വർധിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. ഈ സംസ്‌കാരം പടരുന്നതിൽ സിനിമക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു.
ഏറ്റവും വലിയ വയലൻസ് ഇതിൽ കാണാമെന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തിടെ ഇറങ്ങിയത്. ‘വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം’ എന്നാണ് ഒരു സിനിമ പറഞ്ഞത്. സിനിമ, വെബ് സീരീസ് എന്നിവ സമൂഹമാധ്യമങ്ങളിൽ ദുഃസ്വാധീനം ചെലുത്തുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കേരളം ലഹരിക്കെതിരെ പുതിയ മാതൃക തീർക്കുമെന്നും മന്ത്രി പറഞ്ഞു. നിരവധി വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. മുമ്പ് അബ്കാരി കേസുകളായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി.
പഞ്ചാബിൽ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തതിനെക്കാൾ മൂന്നിരട്ടി പേരെ കേരളത്തിൽ അറസ്റ്റ് ചെയ്തു. കേരളത്തിൽ 24,572 ആണെങ്കിൽ പഞ്ചാബിൽ 9734 ആണ് സംഖ്യ. കേരളത്തിൽ 60 കോടിയുടെ മയക്കുമരുന്ന് കഴിഞ്ഞ വർഷം പിടികൂടി. സിന്തറ്റിക് ലഹരിയുടെ ഉറവിടം കേരളമല്ല. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് ലഹരി എത്തുന്നത്. ആഗോള വ്യാപകമായുണ്ടായ മയക്കുമരുന്ന് ഉപയോഗ വർധന കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കേരളം ഒറ്റക്കെട്ടായി നിൽക്കുകയെന്ന നിലപാടല്ല പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കുറച്ചുകൂടി ഉത്തരവാദിത്തപരമായ സമീപനം അദ്ദേഹം സ്വീകരിക്കണം. കൊക്കെയ്ൻ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് നിയമസഭയിൽ പറഞ്ഞിരുന്നു. അത് രാഷ്ട്രീയ ദുരാരോപണമാണ്. സ്വന്തം കൈയിലെ കറ മറച്ചുവെച്ചാണ് പ്രതിപക്ഷനേതാവ് ആരോപണം ഉയർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.