കൊച്ചി: പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ മകംതൊഴൽ മാർച്ച് ആറിന് നടക്കും. ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തുവരെയാണ് ദർശനം. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഇക്കുറി ഒരുകോടി രൂപക്ക് ഇൻഷുറൻസ് ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.
ഉത്സവം സമാപിക്കുന്ന ഒമ്പതുവരെ ചോറൂണ്, അന്നദാനം, ഭജനം എന്നീ വഴിപാടുകൾ ഉണ്ടാകില്ല. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിൽ പ്രവേശന വിലക്കുണ്ടാകും. മകം നാളിൽ പുലർച്ച നാലിന് നടതുറന്ന് 11 മണിയോടെ അടക്കും.
സ്ത്രീകൾക്കും പുരഷന്മാർക്കും 70 പിന്നിട്ടവർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പഞ്ചായത്ത് ഓഫിസിനോട് ചേർന്ന ഗ്രൗണ്ട്, ചോറ്റാനിക്കര ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്, പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം. 1500 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. 800 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലക്കായി നിയോഗിച്ചിട്ടുള്ളത്. സൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കാൻ കലക്ടർ രേണുരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
വാർത്തസമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലത്ത്, ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി ബിജു ആർ. പിള്ള, ചോറ്റാനിക്കര ദേവസ്വം അസി. കമീഷണർ പി.കെ. അംബിക, ചോറ്റാനിക്കര ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.കെ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.