വർക്കല: കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി 'ജനം' ടി.വി പുറത്തുവിട്ട വാർത്തയുടെ യാഥാർഥ്യമ െന്താണ്....? തിരുവനന്തപുരം ജില്ലയിലെ ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതരുടെ ഒത്താശയോടെയാണ് തീവ്രവാദ പ്രവർത്തന ം നടക്കുന്നതെന്ന വാർത്തയിലെ ആരോപണത്തിന്‍റെ അടിസ്ഥാനമെന്താണ്...? കോളജ് അധികൃതർ ആ യാഥാർഥ്യം വ്യക്തമാക്കുന്നു...
ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധവും ഗുഢാലോചനയുമാണെന്ന് ട്രസ്റ്റ് അധികൃതർ. തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്നും 'മെറ്റ്ക' ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ഷഹീർ 'മാധ്യമം' ഡോട്ട് കോമിനോട് പറഞ്ഞു.
ജനം ചാനലിലെ വാർത്ത ശരിയല്ല. കോളജിൽ അത്തരം പ്രവർത്തനങ്ങളൊന്നും തന്നെയില്ല. കോളജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ് ചിലർ തീവ്രവാദ പ്രവർത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്. ആ ആഘോഷത്തെക്കുറിച്ച് അന്വേഷിക്കുകയോ നിജസ്ഥിതി അറിയാൻ ശ്രമിക്കുകയോ ചെയ്യാതെയാണ് ട്രസ്റ്റിനെയും കോളജിനെയും മോശമായി ചാനൽ ചിത്രീകരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
യഥാർഥ സംഭവം ഇതാണ്:
2018 മാർച്ച് 14ന് കോളജിലെ ആന്വൽ ഡേ ആഘോഷമായിരുന്നു. കോളജിലെ ഒരു വിഭാഗം കുട്ടികൾ നടൻ സലിംകുമാർ ഫാൻസുകാരാണ്. ആന്വൽ ഡേക്ക് മുഖ്യാതിഥിയായി സലിംകുമാറിനെ ക്ഷണിക്കാൻ വിദ്യാർഥികളാണ് മുന്നിട്ട് നിന്നത്. മലയാളത്തിലെ മുൻനിര അഭിനയ പ്രതിഭകളിലൊരാളാണ് സലിംകുമാർ. അതുകൊണ്ട് തന്നെ വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ല.
അന്ന് സലിംകുമാർ കറുപ്പ് വേഷം ധരിച്ചാണെത്തിയത്. ഫാൻസുകാർ ഇത് നേരത്തേ ഉറപ്പുവരുത്തിയിരുന്നു. അതിനാലാണ് ആൺ-പെൺ ഭേദമില്ലാതെ വിദ്യാർഥികളും കറുപ്പ് വേഷമണിഞ്ഞത്. ആന്വൽ ഡേ ഗംഭീരമായി സംഘടിപ്പിക്കുകയും ചെയ്തു.
ആഘോഷ പരിപാടികൾക്കൊപ്പം വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനമാണ് ചാനൽ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും. ചാനൽ പറയുന്നത് ഇത് നടന്നത് ഇക്കഴിഞ്ഞ ക്രിസ്മസിനെന്നാണ്. അതു തന്നെ പ്രചാരണം കള്ളമാണന്നതിന് തെളിവാണെന്നും അഡ്വ. ഷഹീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.