അട്ടപ്പാടിയിലെ ശിശുമരണം: ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന മന്ത്രി കെ.രാധാകൃഷ്ണൻ. കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് അധികമായി ഒരു ആംബുലൻസിന്റെ സേവനം നൽകി.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് സഹായം എത്തിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് 24 മണിക്കൂർ സേവനം നൽകുന്നുണ്ട്. അർഹമായവർക്കെല്ലാം ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം പ്രതിമാസ ധനസഹായം നൽകുന്നു. ലഭ്യമാകുന്ന തുക പോഷകാഹാരം വാങ്ങുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് എസ്.ടി പ്രൊമോട്ടർമാർ വഴി ഉറപ്പാക്കുന്നു. ഫുഡ് സപ്പോർട്ട് പ്രോഗ്രാം പദ്ധതിയിലുൾപ്പെടുത്തി ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകുന്നു.

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിലുള്ള ആംബുലൻസ് സർവീസ് 24 മണിക്കൂറാക്കി. അട്ടപ്പാടി ഊരുകളിലെ പട്ടികവർഗ ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേകം നിരീക്ഷിക്കുന്നു. ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രതിവാര അവലോകനം നടത്തുകയും ചെയ്യുന്നു. ഗർഭിണികളുടെ ആരോഗ്യ പരിചരണം കൃത്യമായി ഉറപ്പ് വരുത്തുന്നതിനായി എസ്.ടി പ്രൊമോട്ടർമാർ, ഹെൽത്ത് നേഴ്സുമാർ, കമിറ്റഡ് സോഷ്യൽ വർക്കാർമാർ എന്നിവർക്ക് ചുമതല നൽകി.

മൂന്ന് പഞ്ചായത്തുകളിലും പ്രത്യേകം സ്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയിലെ ആരോഗ്യ, പോഷക ക്ഷേമ പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നതിനായി യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ കൺസൾട്ടന്റിനെ നിയമിച്ചു. അട്ടപ്പാടി മേഖലയിലെ ഗർഭിണികളിലെ വിളർച്ചാ നിർണയം നടത്തുന്നതിന് ആരോഗ്യ, തദേശ

വകുപ്പുകളുടെ സഹായത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും, വിളർച്ചയുള്ളവരിൽ സിക്കിൾ സെൽ അനീമിയ കണ്ടെത്തുന്നതിന് സ്ക്രീനിങ് നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർഥികളിലെ വിളർച്ചാ നിർണയം പൂർത്തിയാക്കി. ഇവരിൽ സിക്കിൾസെൽ നിർണയം നടത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളകളിൽ ഹെൽത്ത് കാർഡ് സമ്പ്രദായം നടപ്പിലാക്കി. അട്ടപ്പാടിയിലെ പ്രാക്തന ഗോത്രവർ ഊരുകൾ കേന്ദ്രീകരിച്ച് ഇവരുടെ ആരോഗ്യകാര്യങ്ങളിൽ നിരന്തരം ഇടപെൽ നടത്തിയെന്നും മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.  

Tags:    
News Summary - Child death in Attapadi: K. Radhakrishnan has said that the government has taken steps to prevent recurrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.