ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് ഡൽഹിയിൽ നിർണായക ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും ഡൽഹിയിലുണ്ട്.
നേതാക്കളുമായി ഒറ്റക്കൊറ്റക്കും ഒന്നിച്ചിരുന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഹൈകമാൻഡ് പ്രതിനിധികളും ചർച്ച നടത്തും. മുതിർന്ന നേതാവ് രാഹുൽ ഗാന്ധി ചർച്ചയുടെ ആദ്യഘട്ടത്തിൽ പങ്കെടുക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അവസാനഘട്ടത്തിലാകും രാഹുൽ പങ്കെടുക്കുക. രാഹുലിന്‍റെ അഭിപ്രായംകൂടി തേടിയ ശേഷം മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കും. ശനിയാഴ്ച വൈകീട്ടു തന്നെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനാണ് ഹൈകമാൻഡ് ശ്രമം. ചർച്ചക്കായി അർധ രാത്രി ഡൽഹിയിലെത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ വൻ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് എൻ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. ‘വി.ഡി.എസ് നേതാവെ അങ്ങ് നയിക്കൂ’ എന്ന മുദ്രാവാദ്യം വിളികളോടെയാണ് പ്രവർത്തകർ സതീശനെ വരവേറ്റത്.
ഷാൾ അണിയിച്ചശേഷം തോളിലേറ്റിയാണ് കേരള ഹൗസിലേക്ക് എത്തിച്ചത്. സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ സതീശൻ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ കേരള ഹൗസിലേക്ക് എത്തിയ സണ്ണി ജോസഫിനു നേരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹവും മുറിയിലേക്കു പോയി. മുറി ബുക്ക് ചെയ്തെങ്കിലും രമേശ് ചെന്നിത്തല കേരള ഹൗസിൽ എത്തിയില്ല. പകരം അദ്ദേഹം ഒരു സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. എം.എൽ.എമാരുടെ അഭിപ്രായം തേടിയ എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
നിയമസഭാംഗങ്ങളിൽ മൃഗീയ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണെന്നും മുഖ്യ ഘടകകക്ഷികളുടെ പിന്തുണയും ജനങ്ങളുടെ പൊതുവികാരവും വി.ഡി. സതീശനാണെന്നും ഭരണപാടവവും സീനിയോറിറ്റിയും രമേശ് ചെന്നിത്തലക്കുണ്ടെന്നും നിരീക്ഷകർ ധരിപ്പിച്ചിട്ടുണ്ട്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളതും കൂടുതൽ എം.എൽ.എമാർ അദ്ദേഹത്തിനൊപ്പമാണെന്ന റിപ്പോർട്ടും ഹൈകമാൻഡിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഒരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേരെ അനുനയിപ്പിക്കാനാണ് മൂവരെയും ഡൽഹിക്ക് വിളിച്ചത്. ഹൈകമാൻഡ് തീരുമാനം ധരിപ്പിച്ച ശേഷം തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗം വീണ്ടും വിളിച്ചാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഹൈകമാൻഡ് നിശ്ചയിച്ച ആളെ മൂവരിലൊരാൾ നാമനിർദേശം ചെയ്യും.രാഹുൽ ഗാന്ധി തന്റെ വലംകൈയായ കെ.സി. വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചാൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയേക്കാമെന്ന ചർച്ച ഉണ്ടായിരുന്നു. കേരളത്തിലെ പൊതുവികാരം കണക്കിലെടുത്ത് വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കേണ്ട എന്നാണ് രാഹുലിന്റെ തീരുമാനമെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടും. സതീശന് അനുകൂലമായ പൊതുവികാരത്തിനപ്പുറം രമേശ് ചെന്നിത്തലയുടെ പേര് ആ നിലക്കാണ് ഡൽഹിയിൽ കേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.