തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വൈകരുതെന്നും സുധീരൻ കത്തിലൂടെ വ്യക്തമാക്കി. നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്ക് മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹേശന്റെ ആത്മഹത്യ: ബഹു.മുഖ്യമന്ത്രിക്കയച്ച കത്ത്.
പ്രിയപ്പെട്ട മുഖ്യമന്ത്രി,
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഢനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്ന എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹര്‍ജി അടിയന്തിര നടപടികള്‍ക്കായി ഇതോടൊപ്പം അയയ്ക്കുന്നു.
മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികള്‍ക്കു മുന്നില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഏറ്റവുമൊടുവില്‍ 06.06.2026-ല്‍ ബഹു.മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല.
വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും മഹേശന്റെ കുടുംബം.
ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള്‍ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നാണ് എന്റെ അപേക്ഷ.
ഉഷാദേവിയുടെ സങ്കടഹര്‍ജിയില്‍ എത്രയും വേഗത്തില്‍ത്തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
ആത്മാര്‍ത്ഥതയോടെ
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്‍
ശ്രീ.വി.ഡി.സതീശന്‍
ബഹു.മുഖ്യമന്ത്രി
പകര്‍പ്പ് : ശ്രീ.രമേശ് ചെന്നിത്തല, ബഹു.ആഭ്യന്തര വകുപ്പുമന്ത്രി.
ശ്രീ.എം.ലിജു, ബഹു.എക്‌സൈസ്-സഹകരണ വകുപ്പുമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.