മറയൂർ
തൊടുപുഴ: കനത്ത മഴയും കാലാവസ്ഥാ മുന്നറിയിപ്പുകളും യാത്രാനിയന്ത്രണങ്ങളുമെല്ലാം മൂലം കടുത്ത പ്രതിസന്ധിയിലായ ടൂറിസം-വ്യാപാര മേഖലക്ക് മഴ കുറഞ്ഞത് പ്രതീക്ഷയേകുന്നു. ഇടവിട്ടുള്ള മഴയാണ് രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലും ലഭിച്ചത്. വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശന വിലക്ക് ജില്ല ഭരണകൂടം പിന്‍വലിച്ചതോടെ കുറച്ച് ദിവസങ്ങളായി വിനോദസഞ്ചാരികളും എത്തിത്തുടങ്ങി. ഓണത്തോടനുബന്ധിച്ച് അടുത്ത ദിവസം മുതല്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
ദേശീയപാതയിലെ മലയിടിച്ചിൽ ഭീഷണിയും ഗതാഗതനിയന്ത്രണങ്ങളും കാരണം നിലച്ചുപോയ മൂന്നാറിലെ മൺസൂൺ ടൂറിസം, വ്യാപാര മേഖലക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവ് വളരെ കുറവാണ്. ഓണാവധിക്ക് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാർ, ആനച്ചാൽ, ചിന്നക്കനാൽ, ദേവികുളം മേഖലകളിലുള്ള വ്യാപാരികളും റിസോർട്ട്, ഹോംസ്റ്റേ ഉടമകളും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൺസൂൺ സീസണിൽ ധാരാളം അറബ് സഞ്ചാരികളുടെ ബുക്കിങ്ങുകൾ ലഭിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും യാത്രാനിരോധന ഉത്തരവുകളുംമൂലം ഭൂരിഭാഗവും റദ്ദായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 34114 സഞ്ചാരികളാണ് എത്തിയത്. 14 മുതല്‍ 16 വരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച 4798 പേർ എത്തിയപ്പോൾ ശനിയാഴ്ച 14920 പേരും ഞായറാഴ്ച 14396 പേരും ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലെത്തി.
വാഗമണ്ണും മൂന്നാറുമാണ് കൂടുതല്‍ പേരും സന്ദര്‍ശിച്ചത്. മാട്ടുപ്പെട്ടി ഒഴികെയുള്ള മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകളെത്തി. സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ നടത്തിപ്പുകാരെല്ലാം ഏറെ പ്രതീക്ഷയിലാണ്. മഴമൂലം മണ്‍സൂണ്‍ ടൂറിസത്തില്‍ ഇടിവുണ്ടായ ആശങ്കയിലായിരുന്നു ഇവര്‍. കാലാവസ്ഥ അനൂകൂലമായാല്‍ ഓണത്തോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മഴ ശമിച്ചുതുടങ്ങിയതിനാല് വ്യാപാര മേഖലയും ഉണര്‍വിലാണ്. മഴമൂലം വിൽപനയില് വന്‍ ഇടിവാണ് ഉണ്ടായിരുന്നത്. ഓണത്തിന് ഇനി ഒരാഴ്ച മാത്രമാണുള്ളത്. അതിനാല്‍ വരും ദിവസങ്ങളില്‍ ഓണവിപണി കൂടുതല്‍ സജീവമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.