തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി. സ്പെഷൽ സെക്രട്ടറി റാങ്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്നത്.
അധികാരമേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്നതിനൊപ്പം ഭരണപരമായ പൊതുവിഷയങ്ങളും ചർച്ചയായി. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കണമെന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം. വ്യവസായ സംരംഭങ്ങൾക്കടക്കം പല പ്രവർത്തനങ്ങൾക്കും അനുമതി നൽകുന്നതിന് ഇത്തരം ചട്ടങ്ങൾ തടസ്സമാകുന്നെന്ന് ഉദാഹരണസഹിതം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിശ്ചിത കാലയളവിൽ പ്രത്യേക ആവശ്യത്തിന് തയാറാക്കിയ ചട്ടങ്ങൾപോലും ഇപ്പോഴും തുടരുന്നുണ്ട്. ഇത് ഭരണനിർവഹണത്തെ പ്രതിസന്ധിയിലാക്കും. ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഇവ മറികടന്ന് കാര്യങ്ങൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരുടെ കാര്യം പരാമർശിച്ചില്ല.
ഫയൽ നീക്കമടക്കം സെക്രട്ടേറിയറ്റിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും വികസനകാര്യങ്ങളിലും ഉദ്യോഗസ്ഥരുടെ അഭിപ്രായം മുഖ്യമന്ത്രി ആരാഞ്ഞു. അഭിപ്രായങ്ങൾ കുറിച്ചെടുത്തു. ടീമായി മുന്നോട്ടുപോകാമെന്നും നിർദേശങ്ങൾ പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു. ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന വിഷയങ്ങൾ കേൾക്കാൻ ദിവസവും നിശ്ചിത സമയം നീക്കിവെക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അജണ്ടവെച്ചുള്ള യോഗമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.