ജനങ്ങൾക്ക് ഏത് നദിയിലെ ജലവും കോരികുടിക്കാവുന്ന സാഹചര്യമുണ്ടാവണം മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഏതു നദിയിലെയും ജലം കോരിക്കുടിക്കാവുന്നത്ര മാലിന്യമുക്തമാകണമെന്നും കുടിക്കുന്ന ജലത്തിൽ മാലിന്യം കലരുന്നെന്ന സൂചനകൾ ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നദികളിലെ ജലം ശുദ്ധമായ അവസ്ഥയിലെത്തിക്കാനാണ് ജല അതോറിറ്റിയുടെ കുടിവെള്ള ​ഗുണനിലവാര പരിശോധന ലാബുകൾ വഴി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജലഅതോറിറ്റിയുടെ 82 എൻ.എ.ബി.എൽ അം​ഗീകൃത കുടിവെള്ള ​ഗുണനിലവാര പരിശോധന ലാബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

​ഗ്രാമീണമേഖലയിൽ ജനങ്ങൾ ഉപയോ​ഗിക്കുന്ന ജലത്തിന്‍റെ ​ഗുണനിലവാരം പരിശോധിച്ചപ്പോൾ കൂടുതൽ ലാബുകൾ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത​ ബോധ്യപ്പെട്ടതായി അധ്യക്ഷതവഹിച്ച മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്ത് ശാസ്ത്ര ലാബുകൾ പ്രവർത്തിക്കുന്ന എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുട്ടികൾക്കും അധ്യാപകർക്കും കുടിവെള്ള ​ഗുണനിലവാര പരിശോധനക്ക്​ പരിശീലനം നൽകും. 2024ൽ ജലജീവൻ മിഷൻ പൂർത്തിയാകുമ്പോൾ 71 ലക്ഷം കുടിവെള്ള കണക്ഷൻ ആകും. കുടിശ്ശിക ബില്ലുകൾ അടച്ചും കുടിശ്ശിക വരുത്താതെയും ജനം സഹകരിക്കണമെന്ന്​ മന്ത്രി പറഞ്ഞു.

ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്തി ബിൽ അടക്കാൻ സൗകര്യമൊരുക്കുന്ന കൺസ്യൂമർ സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി ആന്റണി രാജു, പ്രമോദ് നാരായണൻ എം.എൽ.എ, അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജല അതോറിറ്റി എം.ഡി. വെങ്കടേസപതി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, കലക്ടർ ജെറോമിക് ജോർജ്, കൗൺസിലർ പാളയം രാജൻ, അഡ്വ. ജോസ് ജോസഫ്, ഷാജി പാമ്പൂരി, ഉഷാലയം ശിവരാജൻ എന്നിവർ സംസാരിച്ചു.

ജനങ്ങൾക്ക്​ കുടിവെള്ളം പരിശോധിക്കാം

തിരുവനന്തപുരം: പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിൽ കുടിവെള്ളം പരിശോധിക്കാൻ ജില്ല-ഉപജില്ല ലാബുകളിലെ സൗകര്യം പ്രയോജനപ്പെടുത്താമെന്ന്​ ജല അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിൽ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. qpay.kwa.kerala.gov.in വെബ്​സൈറ്റില്‍ പണമടച്ച്‌ കുടിവെള്ള സാമ്പിള്‍ ലാബുകളില്‍ എത്തിച്ചാല്‍ പരിശോധന ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഹോട്ടലുകള്‍ക്കും മറ്റും നിശ്ചിത ഫീസ്​ നൽകി കുടിവെള്ള ഗുണനിലവാരം പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കാനും സൗകര്യമുണ്ട്‌. ഗ്രാമീണ മേഖലകളിലെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയും നടത്തും. തദ്ദേശ സ്ഥാപനങ്ങൾക്ക് റസ്റ്റാറന്റുകളുൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസിങ്​ ആവശ്യങ്ങൾക്ക് ലാബുകളുടെ സേവനം ഉപയോ​ഗിക്കാം.

Tags:    
News Summary - Chief Minister should make it possible for people to scoop water from any river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.