ഹരികൃഷ്​ണയുടെ മരണം കൊലപാതകമെന്ന്​ പൊലീസ്​; സഹോദരി ഭര്‍ത്താവ് പിടിയിൽ

ചേര്‍ത്തല (ആലപ്പുഴ): ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്​ണയുടെ (25) മരണം കൊലപാതകമെന്ന്​ പൊലീസ്​. സംഭവത്തിൽ പ്രതിയായ സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷ്​ (ഉണ്ണി -35) ​ കുറ്റം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു.

വണ്ടാനം മെഡിക്കല്‍കോളജ്​ ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായി ജോലിചെയ്യുന്ന ഹരികൃഷ്ണയെ ശനിയാഴ്ചയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. സംഭവത്തിന്​ പിന്നാലെ രതീഷിനെ കാണാതായിരുന്നു.

കൊല്ലപ്പെട്ട ഹരികൃഷ്​ണയുമായി അടുപ്പമുണ്ടായിരുന്നുവെന്ന്​ രതീഷ്​ പറഞ്ഞതായാണ്​ വിവരം. എന്നാൽ ഹരികൃഷ്​ണ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക്​ നീങ്ങുന്നതിനെ രതീഷ്​ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ്​ കൊലപാതകത്തിലെത്തിയത്​. മർദനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കഴുത്ത്​ ഞെരിച്ച്​ കൊന്നതായി രതീഷ്​ പൊലീസിനോട്​ സമ്മതിച്ചിട്ടുണ്ട്​.

വെള്ളിയാഴ്ച വൈകീട്ട് 6.45ന് മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍നിന്ന്​ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ് ഹരികൃഷ്ണ. ചേര്‍ത്തലയിലെത്തിയ യുവതിയെ രതീഷ് ത​െൻറ വാഹനത്തിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായാണ് വിവരം. രാത്രി 8.30 പിന്നിട്ടിട്ടും യുവതി സ്വന്തം വീട്ടിൽ എത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചത്. രതീഷിനെ ബന്ധപ്പെട്ടെങ്കിലും തെറ്റായസന്ദേശം നല്‍കിയതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ച പട്ടണക്കാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അടച്ചിട്ടിരുന്ന രതീഷി​െൻറ വീട്ടിൽ പൊലീസ്​ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. ചുണ്ടില്‍ ചെറിയ മുറിവൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ലെന്നാണ് പൊലീസ്​ നല്‍കുന്ന സൂചന. ചെരിപ്പ്​ ധരിച്ച നിലയിലാണ്​. വസ്ത്രത്തിലും ശരീരത്തി​െൻറ പലഭാഗത്തും മണലും കണ്ടെത്തിയിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യആശുപത്രി നഴ്‌സായ സഹോദരി നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കാൻ രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തിയെന്നാണ് കരുതുന്നത്. ജോലികഴിഞ്ഞ് ചേര്‍ത്തലയില്‍ എത്തുന്ന ഹരികൃഷ്ണയെ പലപ്പോഴും രതീഷാണ്​ സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. രതീഷി​െൻറ വീട്ടില്‍നിന്ന്​ ഒരുകിലോമീറ്റര്‍മാത്രം അകലെയാണ് ഹരികൃഷ്ണയുടെ വീട്.

ജില്ല പൊലീസ് മേധാവി ജി. ജയദേവ്, അഡീഷനല്‍ എസ്.പി എ. നിസാം, ഡിവൈ.എസ്.പി വിനോദ് പിള്ള എന്നിവര്‍ സ്ഥലത്തെത്തി. കൃഷിമന്ത്രി പി. പ്രസാദും വീട്ടിലെത്തിയിരുന്നു. പട്ടണക്കാട് സ്​​േറ്റഷൻ ഓഫിസര്‍ ആര്‍.എസ്. ബിജുവി​െൻറ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - Cherthala harikrishna murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.