ചേകന്നൂർ മൗലവിയുടെ അമ്മാവൻ കെ.കെ. സാലിം ഹാജി നിര്യാതനായി

എടപ്പാൾ: ചേകന്നൂർ മൗലവിയുടെ അമ്മാവനും ഖുർആൻ സുന്നത്ത് സൊസൈറ്റി (കെ.എസ്.എസ്) മുൻ സംസ്ഥാന പ്രസിഡൻറുമായ മാണൂർ കോട്ടീരി കടുങ്ങാംകുന്നത്ത് കെ.കെ. സാലിം ഹാജി (85) നിര്യാതനായി.

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്. ഖുർആൻ സുന്നത്ത് സൊസൈറ്റി സ്ഥാപകനായിരുന്ന ചേകന്നൂർ മൗലവിയുടെ തിരോധാനത്തെത്തുടർന്നാണ് സാലിം ഹാജി സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായത്. മൗലവി തിരോധാനക്കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലും കെ.പി. രവീന്ദ്രന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കർമസമിതിയുടെ പ്രക്ഷോഭങ്ങളിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.

മൗലവി കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിൽ ഈ പ്രവർത്തനമാണ് വിജയം കണ്ടത്. സാലിം ഹാജിയുടെ സഹോദരി ഫാത്തിമയുടെ മകനാണ് ചേകന്നൂർ മൗലവി എന്ന ചേകന്നൂർ പി.കെ. അബുൽ ഹസൻ മൗലവി.

1993 ജൂലൈ 23ന് രാത്രി മതപഠന ക്ലാസിനെന്ന് പറഞ്ഞ് ഒരു സംഘമാളുകൾ എടപ്പാൾ കാവിലപ്പടിയിലെ വീട്ടിൽ നിന്ന് കൊണ്ടുപോയതാണ് ചേകന്നൂർ മൗലവിയെ. തിരോധനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ മുൻനിരയിൽ നിന്നത് സാലിം ഹാജിയാണ്.

ദീർഘകാലം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃസ്ഥാനം അലങ്കരിച്ച സാലിം ഹാജി രാഷ്ട്രീയ -സാമൂഹിക-സാംസ്‌കാരിക മേഖലകളിലും നിറഞ്ഞുനിന്നു. സംഘടന വൈസ് പ്രസിഡന്റായും സംസ്ഥാനകമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യമാർ: റംല, പരേതയായ ആയിഷ. മക്കൾ: ഫക്രുദ്ദീൻ (ബാബു -ബിസിനസ്, എടപ്പാൾ), ഫാത്തിമ, സൗദ, റംല, ഷെരീഫ. മരുമക്കൾ: ബേബി സപ്‌ന, സൈനുദ്ദീൻ കോട്ടപ്പടി, മുഹമ്മദ്‌കുട്ടി എടക്കുളം, സുലൈമാൻ കാടഞ്ചേരി, സീതി പടിയത്ത് കൽപകഞ്ചേരി.

Tags:    
News Summary - Chekannur Maulavi's uncle K.K. Salim Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.