‘ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും’, മണിപ്പൂരിൽനിന്നെത്തിച്ച കുടുംബത്തിന്റെ സന്തോഷം പങ്കുവെച്ച് ഷെഫ് പിള്ള

മണിപ്പൂരിലെ സംഘർഷത്തിനിടെ വീട്ടിൽ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ അമ്മയെയും സഹോദരിയെയും കേരളത്തിലെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഷെഫ് സുരേഷ് പിള്ള. കുടുംബത്തിന്റെ ചിത്രമടങ്ങുന്ന ഹൃദ്യമായ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. കൊച്ചിയിലെ റസ്റ്ററന്റ് ഷെഫ് പിള്ളയിലെ (ആർ.സി.പി) ജീവനക്കാരിയായ സുസ്മിതയുടെ കുടുംബത്തെയാണ് കേരളത്തിൽ എത്തിച്ചത്.

Full View

എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജസ്വലതയോടെ തന്റെ ജോലികൾ ചെയ്തുതീർക്കുന്ന പെൺകുട്ടിയുടെ മുഖത്തെ ചിരിക്ക് മങ്ങലേറ്റപ്പോഴാണ് കാരണം അന്വേഷിച്ചതെന്നും ‘എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റക്കാണ്, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല’ എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ശേഷം ബന്ധുക്കളെ കേരളത്തിൽ എത്തിക്കുകയും സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവിയെ ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി ഷെഫ് ട്രെയിനിയായും നിയമിച്ചു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം. ‘ചില ചിരികൾ അങ്ങനെയാണ്... കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും’ അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘ചില ചിരികൾക്ക് എന്ത് ഭംഗിയാണ്... ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികൾ...
ഈ ഫോട്ടോയിൽ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്. ഇത് ആർ.സി.പി കൊച്ചിയിലെ സർവിസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത ആർ.സി.പിയുടെ ഭാഗമാണ്. മൂന്ന് തവണ ബെസ്റ്റ് എം​േപ്ലായി അവാർഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂർ. മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജസ്വലതയോടെ തന്റെ ജോലികളൊക്കെയും ചെയ്തുതീർക്കുന്ന പെൺകുട്ടി. എന്നാൽ, കുറച്ചുദിവസങ്ങൾക്ക് മുമ്പ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് ആർ.സി.പി കൊച്ചിയിലെ ജനറൽ മാനേജർ ചാൾസ്, സുസ്മിതയോട് വിവരം തിരക്കിയത്.

"എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല". മണിപ്പൂരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.

ചാൾസ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയിൽ എത്തിക്കുകയും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. അവർക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. എങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ അവർ തയാറായില്ല.

ഇരുവരും ആർ.സി.പിയിൽ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി, ഷെഫ് ട്രെയിനിയായും ആർ.സി.പിയുടെ ഭാഗമായി. വെറും രണ്ടാഴ്ചക്കുള്ളിൽ തങ്ങളുടെ ജോലികളെല്ലാം അവർ പഠിച്ചെടുത്തു. ഇപ്പോൾ ഭാഷയൊന്നും അവർക്കൊരു തടസ്സമേയല്ല. ഇന്ന് ആർ.സി.പി എന്ന കുടുംബത്തിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കുന്നു. അവർ ആഗ്രഹിക്കുന്നിടത്തോളം കാലം ആർ.സി.പിയുടെ ഭാഗമായി തുടരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം. ചില ചിരികൾ അങ്ങനെയാണ്... കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും.

ആ പുഞ്ചിരിക്ക് നമ്മൾ കാരണക്കാരായിത്തീർന്നാൽ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല. നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാൻ പോകുന്നത്...?

Tags:    
News Summary - Chef Pillai shared the joy of the family brought from Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.