താമരശ്ശേരി: താമരശ്ശേരിചുരം റോഡിലെ തകർന്ന ഭാഗങ്ങൾ ഉടൻ അറ്റകുറ്റപ്പണി നടത്തി പൂർത്തീകരിക്കുമെന്നും നിലവിലെ വാഹന നിയന്ത്രണം ശക്തമാക്കുമെന്നും ജില്ല കലക്ടർ യുവി. ജോസ് അറിയിച്ചു. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ചുരം കയറുന്ന 25 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനം തടയാൻ അടിവാരത്ത് ബുധനാഴ്ച താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരത്തിലെ ഗതാഗതസ്തംഭനവുമായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്ക് ഓഫിസിൽ വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം.
25 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ബദൽ റോഡുകളായ പക്രംതളം ചുരം, നാടുകാണി ചുരം എന്നിവയിലൂടെ പോകണമെന്നാണ് നിർദേശം. തോൽപ്പെട്ടി, ബാവലി, മുത്തങ്ങ, ലക്കിടി ചെക്പോസ്റ്റുകളിലും അമിതഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ തടയും. പത്ത് ചക്രത്തിൽ കൂടുതലുള്ള വാഹനങ്ങളും ചുരത്തിലൂടെ കടത്തിവിടില്ല. ക്വാറിയിൽ നിന്നുള്ള സാധനങ്ങൾ ഓവർലോഡുമായി വരുന്നത് ശ്രദ്ധയിൽപെട്ടാൽ സാധനം കയറ്റിയ ക്വാറിയുടെ ലൈസൻസ് റദ്ദാക്കാൻ കലക്ടർ ജിയോളജി വകുപ്പിന് നിർദേശം നൽകി.
ചുരത്തിൽ അനധികൃത പാർക്കിങ് നിരോധിച്ച സാഹചര്യത്തിൽ ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. കഴിഞ്ഞ ദിവസം അനധികൃതമായി നിർത്തിയിട്ട 45 വാഹനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചുരത്തിൽ ഒരു എസ്.ഐയെ നിയമിക്കും. ശനിയാഴ്ചക്കുള്ളിൽ ആറ്, ഏഴ്, എട്ട് വളവുകളിലെ ഗർത്തങ്ങൾ അടക്കാനും ചുരം റോഡ് ഉടൻ ഗതാഗത യോഗ്യമാക്കാനും യോഗം തീരുമാനിച്ചു.
ചുരം റോഡിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഒന്നരമാസത്തിനകം പൂർണമായി പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കും. ചുരം പ്രവൃത്തികൾക്ക് രണ്ടു തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. അമിത ഭാരംകയറ്റിയ ലോറികൾ ചുരത്തിലേക്ക് കടക്കുന്നത് തടയുന്നതിനും വഴിതിരിച്ചുവിടുന്നതിനും വയനാട്-, കോഴിക്കോട് ജില്ലകളിലെ റവന്യൂ, പൊലീസ് വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.