ചവറ: പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടിയ യുവാവ് അഞ്ച് മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി. ഒടുവിൽ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ ജീവനോടെ പൊങ്ങി. ചവറ തെക്കുംഭാഗം സ്വദേശിയും പൊലീസ് ട്രെയിനിയുമായ 26കാരനാണ് വീട്ടുകാരെയും നാട്ടുകാരെയും സേനാവിഭാഗങ്ങളെയും വട്ടംചുറ്റിച്ച ആത്മഹത്യ നാടകത്തിലെ നായകൻ.
പൊലീസ് പറയുന്നത്: രാവിലെ കിടപ്പുമുറിയിൽ കയർ കുരുക്കിയിടുകയും കൈയിലെ ഞരമ്പ് മുറിക്കാനും ശ്രമിച്ച യുവാവ് വീട്ടിൽനിന്ന് ഇറങ്ങി കോയിവിള പാവുമ്പ പാലത്തിന് സമീപമെത്തി. വീട്ടുകാർ യുവാവിനെ കാണാത്തതിനാൽ തിരക്കിയിറങ്ങി. പാവുമ്പ പാലത്തിന് സമീപം പുലർച്ചയോടെ അഷ്ടമുടിക്കായലിൽ ഇറങ്ങി നിൽക്കുന്നതായി കണ്ടുവെന്ന് ആരോ പറഞ്ഞു. വീട്ടിലെ മുറിയിൽ നടത്തിയ ആത്മഹത്യശ്രമവും കൂടി ചേർത്ത് വായിച്ചപ്പോൾ കായലിൽ ചാടി മരിച്ചെന്ന് അഭ്യൂഹം പരന്നു. രാവിലെ ഏഴോടെ തെക്കുംഭാഗം പൊലീസും ചവറയിൽനിന്ന് ഫയർഫോഴ്സ് സംഘവും എത്തി.
തെക്കുംഭാഗം സി.ഐ രാജേഷ്കുമാർ യൂനിഫോം ഊരിവെച്ച് കായലിൽ തിരച്ചിലിനിറങ്ങി. കൊല്ലത്തുനിന്ന് ഫയർഫോഴ്സ് സംഘത്തിലെ മുങ്ങൽ വിദഗ്ധരും എത്തി. സഹായിക്കാനായി നാട്ടുകാരും മത്സ്യത്തൊഴിലാളികൾ വലയുമായും എത്തിയതോടെ അഷ്ടമുടിക്കായലിെൻറ തീരം പുരുഷാരം കൊണ്ട് നിറഞ്ഞു. ചാടിയത് പൊലീസുകാരനായ യുവാവായിരുന്നു എന്നതും ആൾക്കൂട്ടത്തിന് കാരണമായി. അഞ്ച് മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും 'മൃതദേഹം' കണ്ടുകിട്ടിയില്ല. സമീപത്തെ ആൾ താമസമില്ലാത്ത വീടിെൻറ ശുചിമുറിയിൽ കൈകൾ മുറിഞ്ഞ ഒരു യുവാവ് നിൽക്കുന്ന വിവരം ഒരാൾ കണ്ടെത്തിയതോടെയാണ് ആത്മഹത്യനാടകത്തിന് തിരശ്ശീല വീണത്. ശുചിമുറിയിലും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായി പിന്നീട് കണ്ടെത്തി.
രണ്ട് മാസം മാത്രം പൊലീസ് പരിശീലനം ലഭിച്ച യുവാവ് ലോക്ഡൗൺ കാലം എത്തിയതിനാൽ ജനമൈത്രി പൊലീസിനെ സഹായിക്കാനുള്ള ചുമതല നിർവഹിക്കുവാൻ നിയോഗിക്കപ്പെട്ടതായിരുന്നു. പൊലീസ് ജോലിയിൽ താൽപര്യമില്ലാതെ പ്രവേശിച്ചതാെണന്നും സിനിമ സംവിധാനത്തിലാണ് താൽപര്യമെന്നുമാണ് അറിയുന്നത്. ഇഷ്ടമില്ലാത്ത തസ്തികയിൽ ജോലി ചെയ്യേണ്ടിവന്നതിലുള്ള പ്രതിഷേധമാണ് യുവാവ് കാട്ടിയതെന്നും പറയപ്പെടുന്നു. യുവാവിനെ അനുനയിപ്പിച്ച് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.