നടി ആക്രമണ കേസിലെ മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറ്റം: ഹരജി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച ക്രൈംബ്രാഞ്ചിന്‍റെ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

എതിർകക്ഷി നടി തന്നെയായതിനാൽ പ്രതിഭാഗത്തിന്‍റെ വാദം കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ഹരജിക്കാർ ബോധിപ്പിക്കണമെന്നും പ്രതിഭാഗത്തെ കക്ഷി ചേർക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി മാറ്റുകയായിരുന്നു. ഹരജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്റെ ഭാഗം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈകോടതിയെ സമീപിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടക്കുന്ന തുടരന്വേഷണത്തിൽ മെമ്മറി കാർഡിന്റെ പരിശോധന അനിവാര്യമായതിനാൽ ഫോറൻസിക് പരിശോധനക്ക് അനുമതി തേടി ഏപ്രിൽ നാലിന് എറണാകുളം സ്പെഷൽ അഡീ. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും മേയ് ഒമ്പതിന് ആവശ്യംതള്ളി. മേയ് 26 നാണ് അപേക്ഷ തള്ളിയ വിവരം പ്രോസിക്യൂഷൻ അറിഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു.

മെമ്മറി കാർഡ് അനധികൃതമായി ഒട്ടേറെ തവണ കൈകാര്യം ചെയ്തിട്ടുണ്ടാകാമെന്നും ഇത് അന്വേഷിക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചത് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലാണെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.

Tags:    
News Summary - Change of memory card hash value in actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.