ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മന് പുതിയ പദവി, നാഷനൽ ടാലന്‍റ് ഹണ്ട് കോർഡിനേറ്റർ; മേഘാലയയുടെയും അരുണാചലിന്‍റെയും ചുമതല

കോട്ടയം: സംഘടനാ പദവി ലഭിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ചാണ്ടി ഉമ്മൻ എം.എൽ.എക്ക് പുതിയ പദവി. നാഷനൽ ടാലന്‍റ് ഹണ്ട് കോർഡിനേറ്ററായാണ് നിയമനം. മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും എ.ഐ.സി.സി നൽകിയിട്ടുണ്ട്.

ഇതോടൊപ്പം കെ.പി.സി.സി പുനസംഘടനക്ക് പിന്നാലെ വിമർശനം ഉന്നയിച്ച എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദിന് ഗോവയുടെയും ജോർജ് കുര്യന് കേരളത്തിന്‍റെയും ചുമതല നൽകി. പാനലിസ്റ്റുകൾ, വക്താക്കൾ എന്നിവരുടെ നിയമനമാണ് ടാലന്‍റ് ഹണ്ടിൽ ഉൾപ്പെടുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷമാണ് ടാലന്‍റ് ഹണ്ട് എന്ന പേരിൽ സെലക്ഷൻ പ്രോസസ് ആരംഭിച്ചത്.

അബിൻ വർക്കിക്ക് യൂത്ത്​ കോൺഗ്രസ്​ അധ്യക്ഷസ്ഥാനം നൽകാത്തതിന് പിന്നാലെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്‍റെ തലപ്പത്ത് നിന്ന് പറയാതെ തന്നെ നീക്കിയതിനെ കുറിച്ചും ചാണ്ടി ഉമ്മൻ അന്ന് പ്രതികരിച്ചിരുന്നു.

'എന്‍റെ പിതാവിന്‍റെ ഓർമ ദിവസം എന്നെ പാർട്ടി പദവിയിൽ നിന്ന് നീക്കി. എനിക്കതിൽ വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യത്തിൽ എന്നോട് ചോദിക്കുക പോലും ചെയ്തില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് എന്നെ പുറത്താക്കിയത്. അപ്പോഴും പാർട്ടി തീരുമാനമെന്നാണ് ഞാൻ പ്രതികരിച്ചത് -ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്‍റെ ചെയർമാനായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ 2024 ജൂലൈ 18ന് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വാർത്താകുറിപ്പ് പുറത്തുവന്നു. ഇക്കാര്യം ചാണ്ടി പാർട്ടി നേതൃത്വം അറിയിച്ചിരുന്നില്ല. എം.എൽ.എയുടെ തിരക്ക് കാരണമാകാം പാർട്ടി പദവിയിൽ നിന്ന് നീക്കിയതെന്നാണ് അന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ അബിൻ വർക്കിയെ ദേശീയ സെക്രട്ടിയായി മാറ്റുകയും പകരം ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കുകയുമാണ് കേന്ദ്ര നേതൃത്വം ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സംസ്ഥാന അധ്യക്ഷ പദവി അബിൻ വർക്കിക്കാണ് ലഭിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് തനിക്ക് നേരിട്ട അനുഭവം കൂടി ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്.

ഏ​റെ ച​ർ​ച്ച​ക​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും ഒ​ടു​വി​ൽ പുറത്തുവന്ന കെ.​പി.​സി.​സിയുടെ ജംബോ ഭാ​ര​വാ​ഹി പ​ട്ടി​കക്കെതിരെയാണ് എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. 'കഴിവ് ഒരു മാനദണ്ഡമാണോ!' എന്നാണ് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാതെ പോയതോടെയാണ് ഷമ പരസ്യമായി രംഗത്തുവന്നത്.

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നാണ് ഷമ അന്ന് പ്രതികരിച്ചത്. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ഷമ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Chandy Oommen's new AICC position is National Talent Hunt Coordinator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.