നിസാം ഭീഷണിപ്പെടുത്തിയെന്ന് സഹോദരങ്ങളുടെ പരാതി; അന്വേഷണത്തിന് ഉത്തരവ്- ഒാഡിയോ

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുൽ നിസാർ, അബ്ദുൽ റസാഖ് എന്നിവരാണ് തൃശൂർ റൂറൽ എസ്.പി ആർ. നിശാന്തിനിക്ക് പരാതി നൽകിയത്. 20ാം തീയതി വൈകീട്ട് രണ്ടു തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിസാമിനെ ബംഗളൂരുവിൽ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്‍റെ ഫോണിൽ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും തെളിവായി പരാതിക്കാർ ഹാജരാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്.പി ആർ. നിശാന്തിനി മാധ്യമങ്ങളെ അറിയിച്ചു.

നിസാമിന്‍റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെൽവേലിയിലെ കിങ്സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാൻ സഹോദരങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇതിൽ കുപിതനായ നിസാം സഹോദരങ്ങളെ വിളിച്ച് ആരോടു ചോദിച്ച് വേതനം വർധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നൽകിയതെന്നും ചോദിച്ചാ‍യിരുന്നു ശാസന.

ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിസാമിനും പൊലീസ് ഉദ്യോഗസ്ഥർക്കുമുള്ള ബസ് ടിക്കറ്റ് നിസാമിന്‍റെ സുഹൃത്താണ് എടുത്തു നൽകിയതെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നുണ്ട്. ബസിൽ നിസാമിന്‍റെ സുഹൃത്തുക്കളും ഒാഫീസ് ജീവനക്കാരും ഒപ്പം ഉണ്ടായിരുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് നിസാമിന്‍റെ ഒാഫീസിൽ നിന്നാണ് എടുത്തിട്ടുള്ളതെന്നും എസ്.പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
 

Full View

നേരത്തെ കേസിന്‍റെ വിചാരണവേളയിൽ നിസാം ഫോൺ വഴി സംസാരിച്ചതും ഭീഷണിപ്പെടുത്തിയതുമായ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തടവിൽ കഴിയുന്ന പ്രതിക്ക് ഫോണിൽ വിളിച്ച് സംസാരിക്കണമെങ്കിൽ ജയിലധികൃതരുടെ അനുമതി വേണം. എന്നാൽ, അനുമതിയില്ലാതെ ഫോൺ വിളിക്കുന്നത് കുറ്റകരമാണ്.

തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷം തടവും വിചാരണ കോടതി ശിക്ഷ വിധിച്ചത്. 2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലെത്തിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നായിരുന്നു കേസ്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.

Tags:    
News Summary - chandrabose murder case accuse nizam threatened his brothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.