തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ചാലക്കുടി ആശാരിക്കാട് സ്വദേശി ജിജോ ആൻറണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ലക്ഷം രൂപ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കടം വീട്ടാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
ഫെഡറൽ ബാങ്കിന്‍റെ പോട്ട ശാഖയിൽ കവർച്ച നടന്ന് 36 മണിക്കൂർ പിന്നിടുമ്പോഴാണ് മോഷ്ടാവിനെ പിടികൂടിയിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് തൃശൂർ, എറണാകുളം ജില്ലകളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ക്യാഷ് കൗണ്ടറിലെ ട്രേയിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മോഷ്ടാവ് 15 ലക്ഷം മാത്രമാണ് കവർന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ്, പണവുമായി കടന്നത് എങ്ങോട്ടാണെന്ന് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. ഇതിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവൽകരിച്ചത്.
ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പിൻവശത്തെ മുറിയിൽ പോകുന്ന സമയം കൃത്യമായി കണക്ക് കൂട്ടിയാണിയാൾ മോഷണം നടത്തിയത്. രണ്ട് മുതൽ 2.30 വരെയാണ് ഉച്ചഭക്ഷണ സമയം. ചാലക്കുടി നഗരത്തിൽ ഫെഡറൽ ബാങ്കിന് വേറെയും രണ്ട് ശാഖകളുള്ളതിനാൽ ഉപഭോക്താക്കളുടെ തിരക്ക് അത്രയൊന്നും പോട്ട ബ്രാഞ്ചിൽ ഉണ്ടാവാറില്ല. ഉച്ചഭക്ഷണ സമയത്ത് പ്യൂൺ അല്ലാതെ ബാങ്കിനകത്ത് ആരുമുണ്ടാവില്ലെന്നും മോഷ്ടാവ് മനസ്സിലാക്കിയിരുന്നുവെന്ന് വേണം കരുതാൻ.
കവർച്ചക്ക് മറ്റാരെയും കൂട്ടാതെയാണ് ഇയാളെത്തിയത്. ആരുടെയും ചോര ചിന്താതെയാണ് പണം കവർന്നത്. രക്ഷപ്പെടാൻ മികച്ച ഒരായുധം പോലും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. വെറും ഒരു കറിക്കത്തി കാട്ടി ഭയപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ ബാങ്കിന്‍റെ കാമറകളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. നാല് കാമറകളിൽ നിന്നായാണ് ദൃശ്യങ്ങൾ കിട്ടിയത്. ഒന്ന് മോഷ്ടാവ് ബാങ്കിനു പുറത്ത് വരുന്ന രംഗമാണ്. മറ്റൊന്ന് ജീവനക്കാരനെ മുറിയിലാക്കുന്നതാണ്. പിന്നീട് പണമെടുത്ത ശേഷം രക്ഷപ്പെടുന്നതും. ഇതിൽ ഒന്നിലും മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. സ്കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറിൽ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്. കൗണ്ടറിലെ വലിപ്പിൽനിന്ന് പണമെടുത്ത് ബാഗിൽ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കൻഡുകൾ മാത്രമാണ് വേണ്ടിവന്നത്. സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.