മദ്യത്തിന് പേര് തേടുന്നത് ഉപഭോഗം വർധിപ്പിക്കില്ലേയെന്ന് ഹൈകോടതി

കൊച്ചി: മദ്യത്തിന് പേര് തേടുന്ന പരസ്യം മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന് ഹൈകോടതി. നേരിട്ടോ പരോക്ഷമായോ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്ക് അബ്കാരി ചട്ടപ്രകാരം നിരോധനമുള്ള സാഹചര്യത്തിൽ ഈ നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടില്ലേയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വാക്കാൽ ചോദിച്ചു.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ നിന്നുള്ള ബ്രാണ്ടിക്ക് പേരും ലോഗോയും ക്ഷണിച്ചുള്ള പരസ്യത്തിനെതിരായ പൊതുതാൽപര്യ ഹരജികൾ പരിഗണിക്കവേയാണ് ചോദ്യം. സർക്കാർ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.

ബൈക്കിൽ മൂന്നുപേർ ഉണ്ടായിരുന്നതിന്‍റെ പേരിൽ ഇൻഷുറൻസ് കുറക്കാനാവില്ല -കോടതി

കൊച്ചി: ഇരുചക്ര വാഹനത്തിൽ ഡ്രൈവറടക്കം രണ്ടിലധികം യാത്രക്കാർ ഉണ്ടായിരുന്നതിന്റെ പേരിൽ മാത്രം അപകട ഇൻഷുറൻസ് തുക കുറക്കാനാവില്ലെന്ന് ഹൈകോടതി. ഡ്രൈവറെക്കൂടാതെ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകട കാരണമായതെങ്കിൽ മാത്രമേ തുക കുറക്കുന്നത് അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. അപകടസമയത്ത് മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്ന പേരിൽ ഇൻഷുറൻസ് തുക 20 ശതമാനം കുറച്ച തൃശൂർ മോട്ടോർ ക്ലെയിംസ് ട്രൈബ്യൂണൽ (എം.സി.ടി) ഉത്തരവിനെതിരെ തൃശൂർ സ്വദേശി ബിനീഷ് നൽകിയ ഹരജിയിലാണ് ഉത്തരവ്.

ട്രൈബ്യൂണൽ അനുവദിച്ച 1.84 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 2.39 ലക്ഷമായി വർധിപ്പിച്ചു. 2011ൽ ഹരജിക്കാരൻ ബൈക്കിന് പിന്നിൽ രണ്ടുപേരുമായി പോകവേയാണ് എതിരെവന്ന ജീപ്പ് ഇടിച്ചത്. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. ഹരജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ് ഇൻഷുറൻസ് തുക കുറച്ചത്.

അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ജീപ്പ് ഡ്രൈവർക്കെതിരെ മാത്രമാണ് കേസുണ്ടായിരുന്നത്.

Tags:    
News Summary - HC issues notice to govt., Bevco on Contest for name, logo for new liquor brand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.