കൊച്ചി: പൗരാവകാശം സമയപരിധിയുടെ പേരിൽ നിഷേധിക്കപ്പെടരുതെന്ന് ഹൈകോടതി. സാധാരണക്കാർക്ക് നിയമം അറിയാത്തതുകൊണ്ടോ, അപ്പീലിനും മറ്റുമുള്ള സമയപരിധി കഴിഞ്ഞതുകൊണ്ടോ നീതി ലഭിക്കാത്ത സ്ഥിതിയുണ്ട്. സമയപരിധി തടസ്സമാകുന്ന നിയമവ്യവസ്ഥ മാറേണ്ടതുണ്ട്. നിയമനിർമാണ സഭക്ക് ഇത്തരമൊരു നിർദേശം നൽകാൻ കോടതിക്ക് അധികാരമില്ലെങ്കിലും, സർക്കാറിന് ഇതു പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അയൽവാസിയുടെ അതിർത്തിക്കുള്ളിൽ 1990ൽ നിർമിച്ച ശൗചാലയം പൊളിക്കണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെ കൊല്ലം സ്വദേശിയായ 68കാരൻ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. ഇതിനെതിരെ പരമാവധി 60 ദിവസത്തിനകം അപ്പീൽ നൽകണമെന്നാണ് ചട്ടമെങ്കിലും രണ്ടുവർഷത്തിനുശേഷമാണ് നടപടി സ്വീകരിച്ചത്. സമയപരിധി സംബന്ധിച്ച ചട്ടം മറികടക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, ഹരജിക്കാരനും 86 വയസ്സുള്ള അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്നും വേറെ ശൗചാലയം ഇല്ലെന്നുമുള്ള വാദം കോടതി പരിഗണിച്ചു. നിയമപരമായ തടസ്സം നിലനിൽക്കുമ്പോഴും, മാനുഷിക പരിഗണന മുൻനിർത്തി ശൗചാലയം പൊളിച്ചുനീക്കാൻ മൂന്ന് മാസം സാവകാശം അനുവദിച്ചു. അതിനുള്ളിൽ പുതിയത് പണിയണം. വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, നിയമസഭാ സെക്രട്ടറി എന്നിവർക്ക് അയക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി.
നിരക്ഷരനായ ഒരാൾ കൂലിപ്പണിയെടുത്ത് സമ്പാദിച്ച പണംകൊണ്ട് പണിത വീട്, ചട്ടങ്ങളിലെ സങ്കീർണതമൂലം പൊളിക്കേണ്ടിവരുന്ന സാഹചര്യം ദയനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വപരമായ സാഹചര്യങ്ങൾ പരിഗണിച്ച് ഇതിനൊരു മാറ്റം വേണം. ജനങ്ങളെ സഹായിക്കാൻ രൂപം നൽകിയ നിയമങ്ങളാലുള്ള നിയന്ത്രണങ്ങൾ വിപരീത ഫലമുണ്ടാക്കുന്നുവെങ്കിൽ ഭേദഗതി ചെയ്യപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.