തൃശ്ശൂർ: പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചക്ക് ചാലക്കുടി പോട്ടയിൽ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. കവർച്ചക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സി.സി.ടി.വിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.
ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിലെത്തിയത്. ബാങ്കിലുണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകളാണ് മോഷ്ടാവ് കൊണ്ടുപോയത്.
ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഉച്ചഭക്ഷണ വേളയിൽ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.